മാർ ബസേലിയോസിലെ വിദ്യാർഥികളുടെ സ്മാർട്ട് വേസ്റ്റ് ബിൻ പദ്ധതിക്ക് സിഎസ്ഐ ഇൻആപ്പ് ഗ്ലോബൽ അവാർഡ്
1481449
Saturday, November 23, 2024 7:10 AM IST
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായ ഇൻആപ്പ് ഇൻഫർമേഷൻ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ ഇൻആപ്പ് ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രോജക്ട് അവാർഡ് മാർ ബസേലിയോസ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ച സ്മാർട്ട് വേസ്റ്റ് ബിൻ പദ്ധതിക്കു ലഭിച്ചു.
സോഫ്റ്റ്വേർ വികസിപ്പിക്കുന്നതിലുള്ള വിദ്യാർഥികളുടെ കഴിവുകൾ പ്രകടമാക്കാൻ മികച്ച വേദിയൊരുക്കുക എന്നതാണ് ഇൻആപ്പ്, കന്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) തിരുവനന്തപുരം ഘടകം, എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (കെടിയു) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ അവാർഡിന്റെ ലക്ഷ്യം.
ടെക്നോപാർക്കിലെ ട്രാവൻകൂറിൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിംഗ് കോളജിലെ ബ്രയാൻ ബിഷി, എ.വി. ഏബ്രഹാം, ജിൻസ് കെ. വർഗീസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച സ്മാർട്ട് വേസ്റ്റ് ബിൻ പദ്ധതി അവാർഡിന് അർഹമായി.
കോട്ടയം സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനിയറിംഗിലെ ജോയൽ കെ. ജയിംസ്, മെറിയൽ റെബേക്ക കോശി, എം.പി. മുഹമ്മദ് ഫവാസ്, റിച്ച റൊളാഡ് എന്നിവർ ചേർന്ന് വികസിപ്പിച്ച കുട്ടികളുടെ സേഫ്റ്റി ഗാഡ്ജറ്റായ സേഫ്സ്റ്റെപ്സ് സെന്റിനൽ രണ്ടാം സമ്മാനം കരസ്ഥമാക്കി.