അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റ സംഭവം; അന്വേഷണം ആരംഭിച്ചു
1482011
Monday, November 25, 2024 6:56 AM IST
കാട്ടാക്കട : അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതരപരിക്കേറ്റ സംഭവത്തിൽ അന്വേഷണം തുടങ്ങി. ബാലാവകാശ കമ്മീഷന് പുറമേ പോലീസും സംഭവത്തിൽ അന്വേഷണം നടത്തുണ്ട്. ഇത് സംബന്ധിച്ച് മാതാപിതാക്കൾ മൊഴി നൽകാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മാറനല്ലൂരിൽ അങ്കണവാടിയിലാണ് സംഭവം. മൂന്നു വയസുകാരി വൈഗയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വൈഗയുടെ തലയോട്ടിക്കും നട്ടെല്ലിനും പരിക്കുണ്ട്. കുട്ടി വീണ വിവരം അങ്കണവാടി ടീച്ചർ അറിയിച്ചിരുന്നില്ലെന്ന ആരോപണം പിതാവ് ഉന്നയിക്കുന്നു. വിളിച്ചു ചോദിച്ചപ്പോൾ മറന്നുപോയി എന്ന ന്യായമാണ് ടീച്ചർ പറഞ്ഞതെന്നും പിതാവ് പറഞ്ഞു. പോങ്ങുംമൂട് സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ് വൈഗ.
അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നതിനു ശേഷം എന്തു കഴിച്ചാലും കുട്ടി ഛർദ്ദിക്കുകയായിരുന്നുവെന്ന് രതീഷ് പറയുന്നു. രണ്ടു തവണ ഭക്ഷണം കൊടുത്തു. രണ്ടു തവണയും ഛർദ്ദിച്ചു. പാല് കൊടുത്തതും ഛർദ്ദിച്ചു. കിടക്കണമെന്ന് കുഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു. നിർത്താതെ കരഞ്ഞുകൊണ്ടിരുന്നതായും രക്ഷിതാക്കൾ പറയുന്നു. പിന്നീട് വൈഗയുടെ ഇരട്ടസഹോദരനാണ് കുട്ടി വീണ വിവരം വീട്ടുകാരോടം പറഞ്ഞത്.
രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ വൈഗയുടെ തല മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. നെയ്യാറ്റിൻകര ആശുപത്രിയിലാണ് കുട്ടിയെ ആദ്യം ചികിത്സയ്ക്കായി എത്തിച്ചത്.
പിന്നീട് എസ്എടി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഡോക്ടാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന് ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തി. കഴുത്തിന് പിന്നിൽ ഗുരുതര പരുക്കുണ്ടെന്നും പിതാവ് പറഞ്ഞത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.