അമൃതവിദ്യാലയത്തിന് ഹരിതവിദ്യാലയം പദവി
1481718
Sunday, November 24, 2024 6:57 AM IST
വടകര: "മാലിന്യമുക്തം നവകേരളം' ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി അമൃത വിദ്യാലയത്തിനു ഹരിത വിദ്യാലയം പദവി നൽകി ഹരിതകേരളം മിഷൻ. വടകര അറക്കിലാട് അമൃതവിദ്യാലയത്തെയാണ് എ പ്ലസ് ഗ്രേഡോടുകൂടി ഹരിത വിദ്യാലയമായി തെരഞ്ഞെടുത്തത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ സംസ്കാരം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിലേക്കെത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണു ഹരിതവിദ്യാലയങ്ങളായി തെരഞ്ഞെടുക്കുന്നത്.
അമൃതവിദ്യാലയത്തിന്റെ ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണു ഹരിതകേരളം മിഷൻ അമൃത വിദ്യാലയത്തിനെ ഹരിത വിദ്യാലയമായി തെരഞ്ഞെടുത്തത്.
ശുചിത്വം, മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, എന്നീ മേഖലകളിലെ മാതൃകാപരവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളാണ് അമൃതവിദ്യാലയത്തിനെ നേട്ടത്തിന് അർഹമാക്കിയത്.
അമൃതവിദ്യാലയം വൈസ് പ്രിൻസിപ്പൽ കെ.കെ. ജയലത നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദുവിൽ നിന്നും സാക്ഷ്യപത്രം സ്വീകരിച്ചു.