റവന്യൂ ജില്ലാ കലോത്സവം: ഊട്ടുപുര നിര്‍മാണം തുടങ്ങി
1481190
Friday, November 22, 2024 7:24 AM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയിലെ വിവിധ വേദികളിലായി 25ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ചുള്ള ഊട്ടുപുര നിര്‍മാണത്തിന് തുടക്കമായി. ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഊട്ടുപുര ഒരുക്കുന്നത്.
25ന് ഉച്ചഭക്ഷണത്തോടെ ഊട്ടുപുര സജീവമാകും. വൈകുന്നേരം ചായ, പലഹാരം എന്നിവയും രാത്രിയില്‍ ഭക്ഷണവും വിതരണം ചെയ്യും. അടുത്ത ദിവസം മുതല്‍ 28വരെ പ്രാതലും തയാറാക്കുന്നുണ്ട്. ഒരു സമയം അഞ്ഞൂറു പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണമാണ് സജ്ജമാക്കുന്നതെന്ന് ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സി.ആര്. ആത്മകുമാര്‍ അറിയിച്ചു.
അപ്പീല്‍ ഫയല്‍ ഇന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ ആകെ എത്ര മത്സരാര്‍ഥികള്‍ എന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. നിലവില്‍ ലഭ്യമായിട്ടുള്ള കണക്കുകള്‍ പ്രകാരം 7474 മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുക എന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ ദീപികയോട് പറഞ്ഞു.
ഇതിനെക്കാള്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ എത്താനാണ് സാധ്യത. സംസ്ഥാനത്തെ പല ജില്ലകളിലെയും കലോത്സവങ്ങള്‍ ഏറെക്കുറെ ഒരേ കാലയളവിലാണ് നടക്കുന്നത്.
പ്രഗത്ഭരായ വിധികര്‍ത്താക്കളെ ലഭ്യമാക്കണമെന്ന നിര്‍ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ കൂടി സമയം കണക്കിലെടുത്തായിരിക്കും മത്സരങ്ങളുടെ ഷെഡ്യൂള്‍ തയാറാക്കുക. സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്തുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
ഹരിത കലോത്സവമായതിനാല്‍ അലങ്കാരങ്ങള്‍ പോലും പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നതാണ് ചട്ടം. കലോത്സവ വേദികളിലെ ലഘുഭക്ഷണ, പാനീയ വില്‍പ്പന സ്റ്റാളുകളിലടക്കം ഹരിത ചട്ടം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് നല്കി.
വളരെയധികം തിരക്കുള്ള നെയ്യാറ്റിന്‍കര -കാട്ടാക്കട റോഡിനിരുവശത്തായാണ് കലോത്സവത്തിലെ ഒട്ടുമിക്ക വേദികളും. മത്സരാര്‍ഥികള്‍ക്കും മറ്റും സുഗമമായി വേദികളിലും ഊട്ടുപുരയിലുമൊക്കെ എത്തിച്ചേരാന്‍ കൃത്യമായ ഗതാഗത നിയന്ത്രണം കൂടിയേ മതിയാകൂ. ഇതു സംബന്ധിച്ച് പോലീസിന് കത്തു നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.