നടൻ മോഹന്‍ലാലിനെ ഗുസ്തി പഠിപ്പിച്ച വീരകേരള ജിംഖാന നൂറിന്റെ നിറവില്‍
1478314
Monday, November 11, 2024 6:54 AM IST
പ്രശാന്ത്
പേരൂര്‍ക്കട: നടന് മോഹന്‍ലാലിനെ ഗുസ്തി പഠിപ്പിച്ച വീരകേരള ജിംഖാന നൂറിന്റെ നിറവില്‍. ന്യൂജെന്‍ ജിമ്മുകളും ഹെല്‍ത്ത് ക്ലബുകളും ജനിക്കുന്നതിനു മുമ്പ് 1924-ലാണ് വഞ്ചിയൂരില്‍ ഈ ഗുസ്തിക്കളം സ്ഥാപിതമായത്. മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പ്രഗത്ഭര്‍ ഗുസ്തിയില്‍ പയറ്റിത്തെളിഞ്ഞത് ഇവിടെയാണ്.
വഞ്ചിയൂരില്‍ നിന്ന് പാറ്റൂര്‍ റോഡിലേക്ക് തിരിയുന്ന വഴിയിലാണ് വീരകേരള നിലകൊള്ളുന്നത്. തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റിയുടെ കായികവിഭാഗം പരിശീലകന് കുട്ടന്‍പിള്ള എന്ന ശ്രീനാരായണ പിള്ളയാണ് രാജകുടുംബത്തിന്റെ പിന്തുണയോടെ ജിംഖാന തുടങ്ങിയത്.
സ്വാതന്ത്ര്യസമര സേനാനി ബോധേശ്വരനാണ് ''വീരകേരള'' എന്ന് പേരിട്ടത്. ഉദ്ഘാടനം നിര്‍വഹിച്ചത് സര് സി.പിയും. 1977-78 കാലഘട്ടത്തില്‍ തുടുത്ത കവിളുകളും, കട്ടിമീശയുമുള്ള, ഒരു തടിച്ച പയ്യന് മുടവന്മുകളില്നിന്ന് ഇവിടെ എന്നും പരിശീലനത്തിന് എത്തുമായിരുന്നു. സ്ഥിരോത്സാഹിയായ അയാള്‍ ഗുസ്തിമത്സരങ്ങളില്‍ ഒന്നാമനായി.
അവന് പിന്നീട് ലോകമറിയുന്ന ചലച്ചിത്രതാരം മോഹന്‍ലാലായി. സിനിമകളിലെ സംഘട്ടന രംഗങ്ങളില്‍ തന്റെ അനായാസ പ്രകടനത്തിന് അടിത്തറയിട്ടത് വീരകേരളയുടെ ശിക്ഷണമെന്ന് മോഹന്‍ലാല്‍ പിന്നീട് പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്.
സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് ജിംഖാന പ്രവര്‍ത്തിക്കുന്നത്. പഴമയുടെ പ്രതാപത്തില്‍ ഇന്നും തലയുയര്‍ത്തി നില്ക്കുന്ന ഈ ഫയല്മാന്മാരുടെ കൂടാരം പങ്കുവയ്ക്കുന്നത് കേരളത്തിലെ ആദ്യ ജിംഖാനയുടെ ചരിത്രം കൂടിയാണ്.