കുഴിയിലായി... : പൈപ്പിട്ടിട്ട ശേഷം കൃത്യമായി മൂടിയില്ല; കെഎസ്ആർടിസി ബസ് കുഴിയിൽ വീണു
1490023
Wednesday, December 25, 2024 6:48 AM IST
കാരേറ്റ്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് കുഴിയിൽ അകപ്പെട്ടു. സംസ്ഥാന പാതയിൽ വാട്ടർ അഥോറിറ്റി കുഴിയെടുത്ത് മൂടി ടാർ ചെയ്ത ഭാഗം ഇടിഞ്ഞുണ്ടായ കുഴിയിലാണ് ബസ് അകപെട്ടത്. ഇന്നലെ ഉച്ചക്ക് 12നാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് നിറയെ ആളുമായി പോയ ബസാണ് കുഴിയിലായത്.
ഫയർ ഫോഴ്സ് എത്തി വടം കെട്ടി വലിച്ചാണ് ബസ് കുഴിയിൽ നിന്നും പുറത്തെടുത്തത് . തുടർന്ന് ബസ് യാത്ര തുടർന്നു. തിങ്കളാഴ്ച വാട്ടർ അഥോറിറ്റി റോഡിന് നടുവിൽ കൂടി കുഴി എടുക്കുകയും രാത്രിയോടെ മൂടി ടാർ ചെയ്യുകയും ചെയ്തിരുന്നു . ഈ ഭാഗം ഇടിഞ്ഞാണ് ബസ് കുഴിയിലായത്. ബസ് കുഴിയിലായതിനെ തുടർന്ന് ഒരു മണിക്കൂറോളം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.