സിപിഎം ജില്ലാകമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങൾ;ആറു പേരെ ഒഴിവാക്കി
1489616
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ 46 അംഗങ്ങളിൽ എട്ടു പേർ പുതുമുഖങ്ങൾ. ആറു പേരെ ഒഴിവാക്കി.
നേരത്തെ 43 അംഗ ജില്ലാ കമ്മിറ്റിയായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പനും സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭ എംപിയുമായ എ.എ.റഹിമും ഒഴിവായി.
വി.ജോയി ജില്ലാ സെക്രട്ടറിയായി തുടരും.
കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ സാഹചര്യത്തിലാണു വർക്കല എംഎൽഎ കൂടിയായ വി. ജോയിയെ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയാക്കിയത്. കഴിഞ്ഞ മൂന്നു ദിവസമായി കോവളത്തു ചേർന്ന പാർട്ടി ജില്ലാ സമ്മേളനം എതിർപ്പുകളൊന്നും കൂടാതെയാണു ജോയിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ആറു പേരെ ഒഴിവാക്കിയതിൽ കെ.സി. വിക്രമനും പുത്തൻകട വിജയനും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. ഇവരെ കൂടാതെ കമ്മിറ്റിയിൽ നിന്നും അന്പിളി, എ.എ. റഷീദ്, വി. ജയപ്രകാശ്, ആറ്റിങ്ങൽ സുഗുണൻ എന്നിവരെയാണ് ഒഴിവാക്കിയത്. മേയർ ആര്യാ രാജേന്ദ്രൻ, വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്, അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ, ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക, ഡിവൈഎഫഎഐ ജില്ലാ പ്രസിഡന്റ് വി. അനൂപ്, പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ.പി. ശിവജി, മഹിളാ അസോസിയേഷൻ നേതാവ് ശ്രീജ ഷൈജുദേവ്, എന്നിവരാണു പുതുതായി സിപിഎം ജില്ലാ കമ്മിറ്റിയിലെത്തിയത്.
സമ്മേളനത്തിന്റെ ഭാഗമായി വിഴിഞ്ഞത്തു ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.