വെള്ളായണി ജംഗ്ഷനിൽ ഫാസ്റ്റ്ഫുഡ് കടയിൽ തീപിടിത്തം
1490018
Wednesday, December 25, 2024 6:41 AM IST
നേമം: വെള്ളായണി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ്കടയിൽ തീപിടിത്തം. കട പൂർണമായും കത്തി നശിച്ചു. പത്തു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമെന്ന് കടയുടമ പറഞ്ഞു.
തീപിടിച്ച സമയത്ത് തൊഴിലാളികൾ ഓടിമാറിയതിനാൽ ആളപായമില്ല. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നര മണിയോടെ തീപിടിത്തമുണ്ടായത്. രണ്ടു കൊമേഴ്സ്യൽ ഗ്യാസ് കുറ്റികളാണ് കടയിൽ ഉണ്ടായിരുന്നത്.
ഗ്യാസിൽ നിന്നാണ് തീപിടിച്ചതെന്നാണ് സംശയം. തുടർന്നു ചെങ്കൽ ചൂളയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ അതിനു മുൻപ് സമീപത്തു പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളിൽനിന്നു ഫയർ എക്സ്റ്റിംഗുഷറെത്തിച്ചു തീ പൂർണമായും കെടുത്തി. കടയിലുണ്ടായിരുന്ന ഫ്രിഡ്ജ്, ഫ്രീസർ, ഫർണിച്ചർ, ഉപകരണങ്ങൾ എന്നിവ പൂർണമായും കത്തി നശിച്ചു.
നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് തീ സമീപത്തെ കടകളിലേക്ക് പകരാതെ വലിയ അപകടം ഒഴിവായത്. നേമം പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.