ശ്രീകാര്യം ഫ്ലൈഓവർ നിർമാണ ഉദ്ഘാടനം ജനുവരി ഒന്നിന്
1490017
Wednesday, December 25, 2024 6:41 AM IST
പോത്തൻകോട്: തലസ്ഥാന നഗരത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ശ്രീകാര്യം ഫ്ലൈഓവർ നിർമാണ ഉദ്ഘാടനം ജനുവരി ഒന്നിനു വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഗതാഗതക്കുരുക്കു രൂക്ഷമായ ഇവിടെ മെഡിക്കൽകോളജ് ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ അടക്കം കടന്നുപോകാൻ ഏറെ സമയമാണെടുത്തിരുന്നത്. നഗരത്തിലേക്കു കടക്കാൻ കഴക്കൂട്ടം, ചെമ്പഴന്തി, ആക്കുളം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എത്തിചേരുന്നത് ശ്രീകാര്യത്തേക്കാണ്. 535 മീറ്ററിൽ നാലുവരി പാതയുള്ള ഫ്ലൈ ഓവറാണ് ശ്രീകാര്യത്ത് ഉയരുക. ഇരുവശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ടാകും. കല്ലമ്പള്ളി മുതൽ ചാവടിമുക്ക് വരെയാണ് ഫ്ലൈ ഓവർ നിർമിക്കുന്നത്. നിർദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ ആവശ്യകതകയും ഉൾക്കൊള്ളിച്ചാണ് ഫ്ലൈ ഓവറിന്റെ രൂപകൽപന.
മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ശ്രീകാര്യത്തെ ഗതാഗത കുരുക്കിനു പരിഹാരമാകുമെന്നും തലസ്ഥാന നഗരത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ശ്രീകാര്യം ഫ്ലൈഓവർ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. മേൽപ്പാലം നിർമിക്കുമ്പോൾ ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കുവാനായി ആദ്യം സർവീസ് റോഡുകളുടെ നിർമാണ പ്രവർത്തനവും ശേഷം മേൽപ്പാലത്തിന്റെ നിർമാണവും ആരംഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ ഡി. രമേശൻ, സ്റ്റാൻലി ഡിക്രൂസ്, മേടയിൽ വിക്രമൻ, ചെമ്പഴന്തി ഉദയൻ,ജോൺസൺ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. ലെനിൻ, വി.എസ്. പത്മകുമാർ, വി. ജയപ്രകാശ്, എസ്.പി. ദീപക്, കെ. ശ്രീകുമാർ, ചെമ്പഴന്തി എം. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.