നവീകരിച്ച എംഎൻ സ്മാരകം ഉദ്ഘാടനം 26ന്
1489600
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം: നവീകരിച്ച സിപിഐ ആസ്ഥാന മന്ദിരമായ എം.എൻ. സ്മാരകം 26ന് രാവിലെ 10.30ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 11 നു സ്മാരകത്തിനു മുന്നിൽ പതാക ഉയർത്തും. തുടർന്ന് ഓഫീസിൽ സംസ്ഥാന കൗണ്‍സിൽ യോഗം ചേരുമെന്നു ബിനോയ് വിശ്വം പത്രസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടിയുടെ 99-ാം ജന്മദിനത്തിലാണ് നിലവിൽ എഐടിയുസി ആസ്ഥാനമായ പിഎസ് സ്മാരകത്തിൽനിന്നും പാർട്ടിയുടെ സംസ്ഥാന കൗണ്‍സിൽ ഓഫിസ് എം.എൻ. സ്മാരകത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്. ഈ കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ സാങ്കേതിക കർത്തവ്യങ്ങൾ നിറവേറ്റുവാൻ പര്യാപ്തമായ കേന്ദ്രമായി എംഎൻ സ്മാരകം മാറുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. വിപുലമായ സൗകര്യങ്ങളാണ് നവീകരിച്ച എംഎൻ സ്മാരകത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ചരിത്രാന്വേഷികൾക്ക് റഫർ ചെയ്യാനുതകുന്ന കേന്ദ്രമായി ലൈബ്രറി പ്രവർത്തിക്കും.
ഓഫീസിലെ പുതിയ ഹാളിൽ 26, 27 തീയതികളിൽ സംസ്ഥാന കൗണ്‍സിൽ ചേരും. നവീകരിച്ച ഓഫിസ് മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വപ്നമായിരുന്നു. അത് യാഥാർഥ്യമാകുന്നതു കാണാൻ സാധിക്കാതെ കണ്ണടയ്ക്കേണ്ടി വന്ന കാനത്തിന്റെ സ്മരണയ്ക്ക് വേണ്ടി സംസ്ഥാനകൗണ്‍സിൽ ഹാളിന് കാനം രാജേന്ദ്രൻ ഹാൾ എന്ന പേരു നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്രവർത്തനത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളുള്ള ഇടം ഓഫീസിലുണ്ടാകും. കൂടാതെ എല്ലാ സൗകര്യങ്ങളുമുൾപ്പെടുന്ന ഒൻപത് റൂമുകളുള്ള ക്വാർട്ടേഴ്സും സജ്ജീകരിച്ചിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളുള്ള പ്രസ് റൂമും മെസും പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.