മതസൗഹാര്‍ദവും സാഹോദര്യവും ഒരുമിച്ച പീസ് കാര്‍ണിവലിന് സമാപനം
1489618
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം: മതസൗഹാര്‍ദവും സാഹോദര്യവും ഒരുമിച്ച പീസ് കാര്‍ണിവലിന് സമാപനം. ശാന്തിഗിരി ഫെസ്റ്റിൽ ഞായറാഴ്ച നടന്ന പീസ് കാർണിവലിലാണ് ഭാരതത്തിന്റെ വ്യത്യസ്തമായ സംസ്കാരവും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ച് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്.
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമപുതുക്കുന്ന ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പീസ് കാർണിവൽ സമാപന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ സ്വാഗതം ആശംസി ച്ചു. ആക്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ് ക്രിസ്തുമസ് സന്ദേശം നൽകി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിലീവേര്ഴ്സ് സെമിനാരിയിലെ വൈദികവിദ്യാർഥികൾ നടത്തിയ കാരള്‍ ഗാനം ചടങ്ങില്‍ ശ്രദ്ധേയമായി. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻചാണ്ടിയും മുൻആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും ചേർന്നു കേക്ക് മുറിച്ചു നിർവഹിച്ചു. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ആക്സ് പ്രെസിഡന്റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാർ സെൽവനിയോസ്, മോൺ. ഡോ. വര്‍ക്കി ആറ്റുപ്പുറത്ത് കോർ എപ്പിസ്കോപ്പ, കേണൽ ജോൺവില്യം പോളിമെറ്റ്ല, ശ്രീമതി പ്രമീള, ഡോ. ഷീജ മനോജ്, ഡോ. കെ.കെ. മനോജ്, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ സബീര്‍ തിരുമല, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ ജയപ്രകാശ്, ആക്ട്സ് വൈസ് പ്രസിഡന്റ് സാജൻ വേളൂർ, മാണിക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ആര്. സഹീറത്ത് ബീവി, തിരുവനന്തപുരം ഡിസിസി മെമ്പര്‍ പൂലന്തറ കെ. കിരണ്‍ദാസ് എന്നിവര്‍ പങ്കെടുത്തു. തുടർന്നു സ്റ്റീഫൻ ദേവസിയുടെ സംഗീതരാവും അരങ്ങേറി.
കാര്‍ണിവലിനോടനുബന്ധിച്ച് കഴിഞ്ഞദിവസം നടന്ന കാരൾഗാന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഗിത്താറിസ്റ്റ് സ്റ്റീഫൻ ദേവസി നിര്‍വഹിച്ചു.