കവയിത്രി സുഗതകുമാരി എക്കാലവും സ്മരിക്കപ്പെടും: ആർ. രാമചന്ദ്രൻ നായർ
1489599
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം: എത്രകാലം കഴിഞ്ഞാലും ആദരവോടെ സ്മരിക്കപ്പെടുന്ന കവയിത്രിയാണ് ബി. സുഗതകുമാരിയെന്നു മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ. കവയിത്രി സുഗതകുമാരിയുടെ നാലാം ചരമ വാർഷികദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഭാരത് ഭവനിലായിരുന്നു ചടങ്ങ് സംഘ ടിപ്പിച്ചിരുന്നത്. വയലാർ രാമവർമ കഴിഞ്ഞാൽ വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന കവികളായിരുന്നു സുഗതകുമാരിയും വിഷ്ണുനാരായണൻ നന്പൂതിരിയുമെന്ന് ആർ. രാമചന്ദ്രൻ നായർ പറഞ്ഞു. ഡൽഹിയിലെ ഒരു പ്രസംഗവേദിയിൽ വച്ച് സുഗതകുമാരിയുമായി ചെറിയൊരു തർക്കം ഉണ്ടായ സംഭവവും അദ്ദേഹം പങ്കുവച്ചു.
നിർഭയ കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രസംഗിച്ച സുഗതകുമാരി നാട്ടിലെ പുരുഷന്മാരെല്ലാവരും കൊള്ളരുതാത്തവരായി പോയല്ലോ എന്നു പറഞ്ഞു. തുടർന്ന് പ്രസംഗിച്ച താൻ കോടി ജനങ്ങൾ ഉള്ളതിൽ വളരെ ചുരുക്കം പുരുഷന്മാർ മാത്രമാണ് ഇത്തരത്തിൽ കൊള്ളരുതാത്തവരെന്നു തിരിച്ചു മറുപടി പറയുകയുണ്ടായി. ശാസ്ത്രസാഹിത്യ ഇൻസിറ്റിറ്റ്യൂട്ട് ഡയറക്ടറും കവിയുമായ സുദർശനൻ കാർത്തികപറന്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിഎസ്എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. വിളക്കുടി രാജേന്ദ്രൻ, ചലച്ചിത്രഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം, നോവലിസ്റ്റ് കല്ലിയൂർ ഗോപകുമാർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി സുഗതകുമാരിയുടെ കണ്ണനെ തേടി എന്ന കവിത ആലപിച്ചു. ജ്യോതി ഹരിപ്പാട് കവിത ചൊല്ലി. എഴുത്തുകാരി ഗിരിജ സേതുനാഥ്, നടൻ ഹരി, ഗാനരചയിതാവ് കെ.എൽ. ശ്രീകൃഷ്മദാസ് തുടങ്ങിയവരെ ആദരിക്കുനന ചടങ്ങും നടന്നു. ഡോ. ശ്രീവത്സൻ നന്പൂതിരി സ്വാഗതവും ജോണ്സണ് റോച്ച് നന്ദിയും പറഞ്ഞു. തുടർന്നു രാജീവ് ഗോപാലകൃഷ്ണൻ രചിച്ച്, ബി.എസ്. രതീഷ് സംവിധാനം ചെയ്ത കൃഷ്ണ നീ എന്നെ അറിയില്ല - എന്ന നാടകം അരങ്ങേറി. തിരുവനന്തപുരം നാടകക്കര അവതരിപ്പിച്ച നാടകം സുഗതകുമാരിയുടെ ഓർമകളിൽ ധന്യമായി.