നെടുമ്പാശേരി വിമാനത്താവളം എന്ന് പറയുമ്പോൾ ജനങ്ങൾ കരുണാകരനെ ഓർമിക്കും: കെ.മുരളിധരൻ
1489611
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം: വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമിക്കുമെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.
എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ.കരുണാകരനെന്ന് കെ.മുരളീധരൻ അനുസ്മരിച്ചു. കെ.കരുണാകരൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.കരുണാകരൻ ജീവിച്ചിരുന്നപ്പോൾ പച്ച തൊടാതിരുന്ന ചില ശക്തികൾ നഗരഭരണം പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് പരാജയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതാണ് കെ. കരുണാകരനോട് ചെയ്യാവുന്ന ആദരവ്.
മോഷണം നടത്തിയവരെ കണ്ടു പിടിക്കാൻ ഏറ്റവും നല്ല മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതു പോലുള്ള തമാശയാണ് വോട്ടിന് വേണ്ടി പൂരം കലക്കിയവരെ കണ്ടെത്താനുള്ള ചുമതല നൽകിയതിലൂടെ കണ്ടതെന്നും മുരളീധരൻ പരിഹസിച്ചു. സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ ബി.സുഭാഷ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പാലോട് രവി, എൻ.പീതാംബരക്കുറുപ്പ്, വി.എസ് ശിവകുമാർ, ടി.ശരത്ചന്ദ്രപ്രസാദ് തുടങ്ങി യവർ പ്രസംഗിച്ചു.