സുഹൃത്തിനെ തലയ്ക്കടിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു
1490066
Friday, December 27, 2024 12:59 AM IST
കാട്ടാക്കട: സുഹ്യത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചശേഷം യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. പൂവച്ചൽ പഞ്ചായത്തിലെ അരുവിക്കുഴി തറട്ടയിലാണ് ക്രിസ്തമസ് തലേന്നു സംഭവം നടന്നത്. തറട്ടയിൽ ബിനു എന്നു വിളിക്കുന്ന പ്രവീണിനെയാണ് അടുത്ത ബന്ധുവും വീട്ടിനുടുത്തു താമസിക്കുന്നയാളുമായ ജിനു എന്ന അനിൽകുമാർ ചുറ്റികൊണ്ടു തലയ്ക്കടിച്ചത്. സോഫയിൽ ഉറങ്ങുകയായിരുന്ന പ്രവീണിനെയാണ് അനിൽകുമാർ ആക്രമിച്ചത്. തുടർന്നു വീടുവിട്ടുപോകുകയും ചെയ്തു. അതിനുശേഷം ക്രിസ്തമസ് ദിനത്തിൽ അനിൽ വീട്ടിൽ തൂങ്ങി മരിക്കുകയും ചെയ്തു.
പ്രവീണിന്റെ വീട്ടിൽ ഭാര്യയും മക്കളും പള്ളിയിൽപോയ സമയത്ത് ആരുമില്ലാതാരുന്ന സമയം മനസിലാക്കിയാണ് ഈ വീട്ടിൽ നിന്നും 100 മീറ്റർ മാറി താമസിക്കുന്ന അനിൽകുമാർ എത്തിയതും ചുറ്റികൊണ്ട് തലയ്ക്കടിച്ചതും. പൂർവ വൈരാഗ്യമാണ് കാരണമെന്നു പറയുന്നു. കാട്ടാക്കട പോലീസ് എത്തി നടപടികൾ ആരംഭിച്ചു. കൂടുതൽ അന്വേഷണം നടന്നു വരുന്നു.