ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവർ
1490012
Wednesday, December 25, 2024 6:41 AM IST
തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാൾ ആഘോഷിച്ച് ക്രൈസ്തവസമൂഹം. ഇന്നലെ രാത്രി ക്രൈസ് തവ ദേവാലയങ്ങളിൽ ക്രിസ്മസ് തിരുക്കർമങ്ങൾ അരങ്ങേറി. തലസ്ഥാനജില്ലയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ക്രിസ്മസ് തിരുക്കർമങ്ങളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പിറവിത്തിരുനാൾ കർമങ്ങൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കാർമികത്വം വഹിച്ചു. ലൂർദ് ഫൊറോന ദേവാലയത്തിൽ നടന്ന ക്രിസ്മസ് തിരുക്കർമങ്ങൾക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മുഖ്യകാർമികനായി.
കർദിനാൾ ആയ ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ലൂർദ് പള്ളിയിൽ സ്വീകരണവും നൽകി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ കാർമികത്വം വഹിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിൽ പാതിരാകുർബാനയോടെ തിരുക്കർമങ്ങൾ നടന്നു. ഇന്നു രാവിലെ ഏഴിനും വൈകുന്നേരം 5.30നും ദിവ്യബലി ഉണ്ടാകും.