അഞ്ചേക്കറിൽ പുൽക്കൂട്ഗ്രാമം ഒരുക്കി കൊച്ചുത്രേസ്യ പള്ളി
1490016
Wednesday, December 25, 2024 6:41 AM IST
കാട്ടാക്കട: അഞ്ചേക്കറിൽ പുൽക്കൂട് ഗ്രാമമൊരുക്കി ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി തൂങ്ങാംപാറ കൊച്ചുത്രേസ്യാ പള്ളി. 30 അടിപൊക്കമുള്ള തിരുകുടുംബവും ടൈറ്റാനിക്കിലെ ക്രിസ്മസ് അപ്പൂപ്പനുമാണ് ഇത്തവണത്തെ പ്രത്യേകതകൾ.
ആഘോഷങ്ങൾ വർണാഭമാക്കാൻ അഞ്ചേക്കറിൽ വ്യത്യസ്തമായി 15 പുൽക്കൂടുകൾ ഒരുക്കിയിട്ടുണ്ട്. ഒരോ പുൽക്കൂടും രൂപ ഭംഗികൊണ്ടും വലിപ്പം കൊണ്ടും വ്യത്യസ്തമാണ്. ഓരോ വർഷവും വ്യത്യസ്തങ്ങളായ ആശയങ്ങളിലൂടെ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ ഒരുക്കങ്ങൾ. 30 അടിപൊക്കമുള്ള വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങൾ ശ്രദ്ധേയമാണ്. ടൈറ്റാനിക്കിലെ ക്രിസ്മസ് അപ്പൂപ്പനും വ്യത്യസ്തമാണ്.
ഒരുമാസത്തെ കഠിന പ്രയത്നത്തിലൂടെയാണ് പള്ളി യിൽ പുൽക്കൂട് ഗ്രാമം ഒരുങ്ങിയത്. 500 ക്രിസ്മസ് അപ്പൂപ്പൻമാരുടെ റാലിയോടെയാണ് ക്രിസ്മസ് ഗ്രാമം കാഴ്ചക്കാർക്കായി തുറന്നത്. പരിപാടിയുടെ ഉദ്ഘാടനം എംപി അടൂർ പ്രകാശ് നിർവഹിച്ചു. എംഎൽഎ എം. വിൻസന്റ്, സ്വാമി അശ്വതി തിരുനാൾ, മോൺ. റൂഫസ് പയസ്ലിൻ, പാച്ചല്ലൂർ അബ്ദു സലീം മൗലവി, ഇടവക വികാരി ഫാ. ജോയി മത്യാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു വൈകുന്നേരം ക്രിസ്മസ് സന്ദേശവും കേക്ക് മുറിക്കലും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
31ന് രാത്രി 11.30 ന് ആഘോഷമായ പുതുവർഷ ദിവ്യബലി. 31 വരെ പള്ളിയങ്കണത്തിലെ ക്രിസ്മസ് ഗ്രാമത്തിന്റെ പ്രദർശനം ഉണ്ടാവും.