അപകടക്കളമായി നേമം ദേശീയപാത; മൂന്നുദിവസത്തിനിടെ രണ്ടു മരണം
1467858
Sunday, November 10, 2024 2:40 AM IST
നേമം: അപകട കളമായിമാറുകയാണ് നേമം ദേശീയപാത. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ നടന്നത് രണ്ടുമരണങ്ങള്‍.
ബുധനാഴ്ച പാപ്പനംകോട് ജംഗ്ഷനില്‍ നടന്ന അപകടത്തില്‍ ഷിബു (35) എന്നയാൾ മരിച്ചിരുന്നു. വെള്ളിയാഴ്ച കാരയ്ക്കാമണ്ഡപത്തുണ്ടായ അപകടത്തില്‍ ശ്രീമൂലനാഥനും മരിച്ചു.
ദിവസവും നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. സിഗ്നലുകള്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
നീറമണ്‍കര, കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, വെള്ളായണി, നേമം എന്നിവിടങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രധാന ജംഗ്ഷനുകളില്‍ പോലും ട്രാഫിക്ക് പോലീസ് ഡ്യൂട്ടിക്കെത്തുന്നില്ല.
ഇതുകാരണം കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുവാന് പ്രയാസപ്പെടുകയാണ്. കഴിഞ്ഞ ദിവസം പള്ളിച്ചലിനടുത്ത് അമിതവേഗതയിലെത്തിയ കാറിടിച്ച് ഹോട്ടല്‍ മാനേജരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവുവിളക്കുകള്‍ സ്ഥാപിച്ചെങ്കിലും പല പ്രധാന ജംഗ്ഷനുകളും ഇപ്പോഴും ഇരുട്ടിലാണ്. ഇതുകാരണം റോഡുമുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ട്രാഫിക്ക് പോലീസ് പലയിടത്തും ഡ്യൂട്ടിക്കെത്തുന്നില്ല. ചില സ്ഥലങ്ങളില്‍ രാത്രി ഏഴിന് മുമ്പ് മടങ്ങിപോകുന്നതായും പരാതിയുണ്ട്.