നരേന്ദ്രപ്രസാദിന്റേത് ധീരമായ നിലപാടുകൾ: മന്ത്രി പി. പ്രസാദ്
1466647
Tuesday, November 5, 2024 2:31 AM IST
തിരുവനന്തപുരം: ഉറച്ച നിലപാടുകളുണ്ടായിരുന്ന എഴുത്തുകാരനായിരുന്നു നരേന്ദ്ര പ്രസാദ് എന്ന് മന്ത്രി പി. പ്രസാദ്. സാഹിത്യത്തിൽ ഡിപ്ലോമസി അല്ല വ്യക്തമായ പോളിസി ആയിരുന്നു നരേന്ദ്രപ്രസാദിനുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. എഴുത്തുകാരനും ചലച്ചിത്ര നടനുമായിരുന്ന നരേന്ദ്രപ്രസാദിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനുമായി ചേർന്നു നാട്യഗൃഹം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഭാരത് ഭവൻ ഹൈക്യൂ തീയറ്ററിലായിരുന്നു ചടങ്ങ്.
പ്രയോജന മൂല്യങ്ങളിൽ കേന്ദ്രീകരിക്കുന്ന ഒരു കാലയളവിലാണ് ഇത്- മന്ത്രി പറഞ്ഞു. എന്നാൽ നേട്ടങ്ങൾക്കുവേണ്ടി അധികാരവർഗത്തോടു ചേർന്ന് നില്ക്കുന്ന സാഹിത്യകാരൻ ആയിരുന്നില്ല നരേന്ദ്രപ്രസാദ്. മനുഷ്യന്റെ അനുഭവങ്ങൾ മൂർച്ചയേറിയ ഭാഷയിൽ സ്വതന്ത്രമായി നരേന്ദ്ര പ്രസാദ് എഴുതി. ഒറ്റയാന്റെ കരുത്തോടെ കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗത്ത് നരേന്ദ്രപ്രസാദ് നിറഞ്ഞുവെ ന്നും മന്ത്രി പ്രസാദ് പറഞ്ഞു.
ചങ്കൂറ്റമായിരുന്നു നരേന്ദ്രപ്രസാദിന്റെ ആദ്യത്തെ മുതൽ മുടക്ക്. നാടകരംഗത്തും നരേന്ദ്ര പ്രസാദ് ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. ലങ്കാലക്ഷ്മി എന്ന നാടകത്തിൽ രാവണനെ മനുഷ്യനായി അവതരിപ്പിക്കുക വഴി നാടക രംഗത്ത് ഒരു സംവിധായകന്റെ സംഭാവന എന്തെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലങ്കാലക്ഷ്മിയെക്കുറിച്ച് അക്കാലത്ത് വിമർശനങ്ങൾ നേരിട്ടപ്പോൾ രാവണനെ മനുഷ്യനായി അവതരിപ്പിക്കുന്നിടത്താണ് ഒരു ഹിന്ദുവിന്റെ സ്വാതന്ത്ര്യമെന്നു നരേന്ദ്രപ്രസാദ് പറഞ്ഞു. രാഷ്ട്രീയ ഹിന്ദുത്വമല്ല മറിച്ച് നിഷ്കളങ്കനായ ഒരു ഹിന്ദുവിന്റെ നിലപാടുകളായിരുന്നു, നരേന്ദ്രപ്രസാദിന്റേതെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
ചലച്ചിത്ര നടൻ മധുപാൽ, ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെന്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ, എം.കെ. ഗോപാലകൃഷ്ണൻ, പ്രഫ. അലിയാർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ചടങ്ങിൽ കേരളശ്രീ ലഭിച്ച കാലിഗ്രാഫർ നാരായണ ഭട്ടതിരിയെ ആദരിച്ചു. തുടർന്ന് വെഞ്ഞാറമൂട് രംഗപ്രഭാത് അവതരിപ്പിച്ച കൊട്ടാരംകളി നാടകം അരങ്ങേറി. നെടുമുടി വേണു രചിച്ച നാടകം അഭിഷേക് രംഗപ്രഭാത് ആണ് സംവിധാനം ചെയ്തത്.
സ്വന്തം ലേഖിക