മന്ത്രി ഡോ. ബിന്ദുവിനെ കാണാൻ "പൂപ്പി' എത്തി
1466517
Monday, November 4, 2024 7:01 AM IST
ബാർട്ടൺ ഹിൽ കോളജിൽ വികസിപ്പിച്ച എഐ റോബോട്ട്
തിരുവനന്തപുരം: മന്ത്രി ഡോ. ആർ ബിന്ദുവിനെ ചേംബറിൽ സന്ദർശിക്കാൻ ഒരു വിശിഷ്ടാതിഥി എത്തി. പൂപ്പി എന്ന എഐ റോബോട്ട് അസിസ്റ്റന്റാണ് നേരിട്ടെത്തി മന്ത്രിയുമായി ആശയവിനിമയം നടത്തിയത്.
മലബാർ കലാപത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാരിനെക്കുറിച്ചുമെല്ലാം അറിയുന്ന പൂപ്പിയുമായി മന്ത്രി ബിന്ദു നടത്തിയ ആശയവിനിമയം മന്ത്രിയുടെ ചേംബറിൽ കാഴ്ചക്കാരിൽ കൗതുകം ഉണ്ടാക്കി.
ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിംഗ് കോളജിൽ ബിടെക് നാലാം വർഷ ഐറ്റി വിദ്യാർഥിയും കോള ജിനു കീഴിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ (ടിബി ഐ) കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്ത റെഡ്ഫോക്സ് റോബോട്ടിക് എന്ന സ്റ്റാർട്ടപ്പ് സംരംഭകനുമായ വിമുൻ നിർമിച്ച എഐ റോബോട്ടാണു മന്ത്രിയെ കാണാൻ എത്തിയത്.
വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുകയും അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുകയും ചെയ്യുന്ന റോബോട്ടാണ് പൂപ്പി. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പൂപ്പി ആശയവിനിമയം നടത്തും. ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ഉപകരണത്തോടെയാണ് വിമുനിന്റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം. കൂടാതെ 44 ടെക്നിക്കൽ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് വിമുൻ.
ഇതിനകം രണ്ട് ഏഷ്യാ ബുക്ക് ഓഫ് റിക്കാർ ഡ്സും രണ്ട് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സും സ്വന്തമായുള്ള വിമുൻ, ഇപ്പോൾ ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംനേടി.ബാർട്ടൺ ഹില്ലിലെ ഐടി വിദ്യാർഥിയായ ജിൻസോ രാജാണ് പൂപിയുടെ രൂപകല്പനയിൽ സഹായിച്ചത്.