"കണ്ടക്ടറമ്മ'യുടെ ആഗ്രഹം സഫലം : മകൻ ഓടിക്കുന്ന ബസിലെ സഹപ്രവര്‍ത്തകയായി അമ്മ
1466510
Monday, November 4, 2024 7:01 AM IST
നെയ്യാറ്റിന്‍കര: സ്വിഫ്റ്റ് ബസിലെ ആദ്യ വനിതാ കണ്ടക്ടറായ യമുനയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മകന് ശ്രീരാഗിന്റെ ഡ്രൈവറുദ്യോഗം. കെഎസ്ആർടിസി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല - മെഡിക്കൽ കോളജ് സ്വിഫ്റ്റ് ബസിൽ ഇന്നലെ ഇരുവരും സഹപ്രവര്‍ത്തകരായി നിയോഗിക്കപ്പെട്ടപ്പോള്‍ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു യമുന.
ആര്യനാട് സ്വദേശിനി യമുന 2009 മുതൽ കെഎസ്ആർടിസി ആര്യനാട് ഡിപ്പോയിലെ ബദൽ കണ്ടക്ടറായിരുന്നു. 2022 മുതൽ സ്വിഫ്റ്റിലാണ് ജോലി. മുഖ്യമന്ത്രിയിൽനിന്ന് ആദ്യദിനം റാക്ക് വാങ്ങി ജോലിയിൽ പ്രവേശിച്ച യമുനയുടെ ചിരകാലസ്വപ്നമായിരുന്നു മകന്റെ ഉദ്യോഗം.
ഡ്രൈവിംഗിൽ താത്പര്യമുള്ള മകൻ ശ്രീരാഗിന് കഴിഞ്ഞ ആഴ്ച കെ-സ്വിഫ്റ്റിൽ നിയമനം ലഭിച്ചു. അമ്മയ്ക്കൊപ്പം ആദ്യഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്റെ ആവശ്യം സിറ്റി എടിഒ സി.പി. പ്രസാദ് ഇടപെട്ട് അംഗീകരിച്ചു. ഇന്നലെ ഇരുവരും ഒരുമിച്ച് ഡ്യൂട്ടി ചെയ്തു.
വീട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് പങ്കിട്ടു. മകന് ഏറെ ശ്രദ്ധാപൂർവം ബസ് ഓടിച്ചതും അമ്മയ്ക്ക് വലിയ സംതൃപ്തി സമ്മാനിച്ചു. വനം വകുപ്പിലെ താൽക്കാലിക ഡ്രൈവറായിരുന്നു ശ്രീരാഗ്. കണ്ടക്ടർ ലൈസൻസുള്ള ശ്രീരാഗിന് ഡ്രൈവറായി ജോലി ചെയ്യാനാണ് ഇഷ്ടം.
അമ്മയ്ക്കൊപ്പമുള്ള ജോലിയും ആനവണ്ടി പ്രേമവും ശ്രീരാഗിനെ സ്വിഫ്റ്റ് ഉദ്യോഗത്തിൽ എത്തിച്ചു. വർക്ക്ഷോപ്പ് ജീവനക്കാരനായ ഭർത്താവ് രാജേന്ദ്രൻ ആശാരി, മുട്ടത്തറ എൻജിനീയറിംഗ് കോളജിലെ താൽക്കാലിക ജീവനക്കാരനായ ഇളയ മകൻ സിദ്ധാർഥ് എന്നിവർക്കൊപ്പം ആര്യനാട് ശ്രീരാഗ്ഭവനിലാണ് യമുനയും ശ്രീരാഗും താമസിക്കുന്നത്.
ഇരുവർക്കും സൗകര്യപ്രദമായ നിലയിൽ ഡ്യൂട്ടികൾ ക്രമീകരിച്ച് നൽകാൻ എടിഒ വെഹിക്കിൾ മൂവ്മെന്റിൽ നിർദേശം നൽകിയിട്ടുണ്ട്.