തിരുവനന്തപുരം: മതേതര കേരളത്തെ തകർത്ത് കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സെക്രട്ടേറിയറ്റിലേക്ക് സെക്കുലർ ലോംഗ് മാർച്ച് നടത്തുമെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് അറിയിച്ചു.
‘കേരളത്തെ ഒറ്റിയവരെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്. സംഘപരിവാർ സംഘടനകൾക്കെതിരേ സിപിഐക്ക് നിലപാടുണ്ടെങ്കിൽ ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് യൂത്ത് കോണ്ഗ്രസ് കത്തു നൽകും. മാർച്ചിൽ പങ്കെടുക്കാൻ എഐവൈഎഫിനെയും ക്ഷണിക്കും.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതോടെ സംസ്ഥാനത്തിന്റെ മതേതരഘടന തകർത്തു. കേരളത്തിന്റെ മതേതര പാരന്പര്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. സർക്കാർ ഇപ്പോൾ കാവിവത്കരണത്തിന് കൊടിപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ലാഘവത്തോടെയാണ് മന്ത്രി ശിവൻകുട്ടി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഇതു കുട്ടിക്കളിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനസിലാക്കണം.
അധ്യാപകരുടെ പരിശീലനവും കരിക്കുലവും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോയത്. ഭരണാനുകൂല വിദ്യാർഥി സംഘടനകൾ എതിർത്ത കാര്യമാണ് ഇപ്പോൾ നടപ്പാക്കിയത്.
നവംബർ ഒന്നിന് സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തെ പിആർ വർക്കിനായി ഉപയോഗിക്കുന്നത് സാധാരണക്കാരന്റെ അവസ്ഥയെ ചൂഷണം ചെയ്യുന്നതാണെന്നും ജനീഷ് ആരോപിച്ചു.
Tags : Youth Congress long march Secretariat