റാന്നി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ചെരിപ്പെറിഞ്ഞു. റാന്നികോടതിയിൽനിന്ന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് പ്രാദേശിക ബിജെപി പ്രവർത്തകനായ സിനു ചെരുപ്പെറിഞ്ഞത്.
ഏറ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശരീരത്തിൽ കൊണ്ടോ എന്ന് വ്യക്തമല്ല. ചെരുപ്പെറിഞ്ഞത് മുൻകൂട്ടി തയാറാക്കിയ പദ്ധതി അല്ലെന്നും സർക്കാരിനെതിരെയുള്ള പ്രതിഷേധം എന്നനിലയിൽ ആ സമയത്തെ വികാരംകൊണ്ട് ചെയ്തതാണെന്നും സിനു പറഞ്ഞു.
ഉണ്ണികൃഷ്ണപോറ്റി ഇരമാത്രമാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഒത്താശയോടെത്തന്നെ ചെയ്തിട്ടുള്ള വലിയൊരു കൊള്ളതന്നെയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇനിയും രേഖപ്പെടുത്തും- സിനു പറഞ്ഞു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30 വരെ 14 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അതീവ രഹസ്യമായിരുന്നു കോടതി നടപടികൾ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും മാത്രമാണ് കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നത്.
Tags : Shoe attack Unnikrishnan Potty