സ്റ്റോക്ഹോം: 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് മൂന്നു പേർ അര്‍ഹരായി. യുഎസ് ഗവേഷകരായ മാരി ഇ. ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ജാപ്പനീസ് ഗവേഷക ഷിമോൺ സാകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം.
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് നൊബേൽ. നൊബേല്‍ അസംബ്ലിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. വാലന്‍ബെര്‍ഗ്സലേനിലുള്ള കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്.
മേരി ഇ. ബ്രൺകോവ് സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്.
അതേസമയം, മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. ചൊവ്വാഴ്ച ഭൗതികശാസ്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം, ശനിയാഴ്ച സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകളും പ്രഖ്യാപിക്കും. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്കാരം നേടിയവര്‍ക്ക് ലഭിക്കുക.
Tags : Nobel Prize Medicine Immune System Research