ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് പ്രതിനിധികള്‍. ഗാസയിലെ സൈനിക നടപടിയെത്തുടർന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകൾക്കിടയിലാണ് നെതന്യാഹു യുഎൻ പൊതുസഭയിൽ സംസാരിക്കാനെത്തിയത്.
നെതന്യാഹു സംസാരിക്കുമ്പോൾ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികൾ ഉയർന്നപ്പോൾ മറ്റൊരു കോണിൽ ഇസ്രായേൽ പ്രതിനിധികളുടെ കൈയടികളുമുയർന്നു. പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പ്രതിനിധികൾ ഹാളിൽ തന്നെ തുടർന്നിരുന്നു.
എന്നാൽ യുഎസിന്റെയും യുകെയുടെയും യുഎന്നിലെ അംബാസിഡർമാരടക്കമുള്ള ഉന്നത നയതന്ത്രജ്ഞരുടെ അസാന്നിധ്യവും ശ്രദ്ധേയമായി. പകരം ജൂണിയറായിട്ടുള്ളവരും താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരുമാണ് നെതന്യാഹുവിന്റെ പ്രസംഗം കേള്‍ക്കാനായി ഇരുന്നത്.
ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേൽ ഗാസയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യും. ഹമാസ് ആയുധം താഴെവച്ച് ഇസ്രായേൽ ബന്ദികളെ വിട്ടയയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : benjamin netanyahu