ന്യൂസിലൻഡ് ചാന്പ്യൻസ് ട്രോഫി ഫൈനലിൽ
Thursday, March 6, 2025 12:18 AM IST
ലാഹോർ: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടത്തിനായി ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.
ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ന്യൂസിലൻഡ് ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് ദുബായിലാണ് കിരീട പോരാട്ടം.
രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിനു തകർത്താണ് കിവീസിന്റെ ഫൈനൽ പ്രവേശം. മൂന്നു സെഞ്ചുറി പിറന്ന മത്സരമായിരുന്നു ഇന്നലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ അരങ്ങേറിയത്.
ന്യൂസിലൻഡിനായി രചിൻ രവീന്ദ്ര (108), കെയ്ൻ വില്യംസണ് (102) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് മില്ലറും (100 നോട്ടൗട്ട്) സെഞ്ചുറി സ്വന്തമാക്കി. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 362/6. ദക്ഷിണാഫ്രിക്ക 50 ഓവറിൽ 312/9. സെഞ്ചുറിക്കൊപ്പം ഒരു വിക്കറ്റും രണ്ടു ക്യാച്ചും സ്വന്തമാക്കിയ രചിൻ രവീന്ദ്രയാണ് പ്ലെയർ ഓഫ് ദ മാച്ച്.
വില്യംസണ്-രചിൻ
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനുവേണ്ടി കെയ്ൻ വില്യംസണ് (94 പന്തിൽ 102), രചിൻ രവീന്ദ്ര (101 പന്തിൽ 108) എന്നിവർ സെഞ്ചുറി നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 154 പന്തിൽ 164 റണ്‍സ് അടിച്ചുകൂട്ടി. 33.3 ഓവറിൽ സ്കോർ 212ൽ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടർന്ന് ഡാരെൽ മിച്ചൽ (37 പന്തിൽ 49), ഗ്ലെൻ ഫിലിപ്പ്സ് (27 പന്തിൽ 49 നോട്ടൗട്ട്) എന്നിവരിലൂടെ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലെത്തി. ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ന്യൂസിലൻഡ് കുറിച്ച 362. ഏകദിനത്തിൽ രചിൻ രവീന്ദ്രയുടെ അഞ്ചാം സെഞ്ചുറിയാണ്. അഞ്ച് സെഞ്ചുറിയും ഐസിസി ടൂർണമെന്റിലാണെന്നത് ശ്രദ്ധേയം.
വില്യംസണ് @ 19,000
രാജ്യാന്തര കരിയറിൽ കെയ്ൻ വില്യംസണ് 19,000 റണ്‍സ് തികച്ചു. ഈ നേട്ടത്തിലെത്തുന്ന ആദ്യ കിവീസ് ബാറ്ററാണ് വില്യംസണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ തുടർച്ചയായ മൂന്ന് ഇന്നിംഗ്സുകളിൽ സെഞ്ചുറി നേടുന്ന ആദ്യ താരവുമായി അദ്ദേഹം.
ബൗമ,ഡുസെൻ, മില്ലർ
ന്യൂസിലൻഡ് മുന്നോട്ടുവച്ച 363 റണ്‍സ് എന്ന പടുകൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ ദക്ഷിണാഫ്രിക്ക പതിഞ്ഞ തുടക്കമായിരുന്നു കുറിച്ചത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ തെംബ ബൗമയും (56), വാൻഡർ ഡുസെനും (69) ചേർന്ന് 105 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ, പിന്നീട് കാര്യമായ ചലനം ഉണ്ടാക്കാൻ ഡേവിഡ് മില്ലറിനു (67 പന്തിൽ 100*) മാത്രമാണു സാധിച്ചത്.
674 റണ്‍സ്
ഇരുടീമും ചേർന്ന് 100 ഓവറിൽ കുറിച്ചത് 674 റണ്‍സ്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സര ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണിത്.