രഞ്ജിയുടെ തിരക്കഥയിൽ ഇത്തവണ ആശങ്ക!
Saturday, March 1, 2025 12:03 AM IST
ആദ്യ ഇന്നിംഗ്സിലെ ലീഡ് മത്സരവിജയികളെ നിശ്ചയിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ തിരക്കഥ ഫൈനലിൽ കേരളത്തിന് ആശങ്കയാകുന്നു.
നാഗ്പുരിലെ ജാംത സ്റ്റേഡിയത്തിൽ കഴിഞ്ഞ 26നു തുടങ്ങിയ ഫൈനൽ മൂന്നുദിവസം പിന്നിടുന്പോഴേക്കും ഇരുടീമുകളും ഒന്നാം ഇന്നിംഗ്സ് പൂർത്തിയാക്കിക്കഴിഞ്ഞു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വിദർഭ ആദ്യ ഇന്നിംഗ്സിൽ ഡാനിഷ് മലേവാറിന്റെ സെഞ്ചുറിക്കരുത്തിൽ പത്ത് വിക്കറ്റിന് 379 റണ്‍സ് നേടി.
മലയാളി കരുണ്‍ നായർ (86) വിദർഭയ്ക്കുവേണ്ടി നിർണായക പ്രകടനം കാഴ്ചവച്ചു. കേരളത്തിനുവേണ്ടി എം.ഡി. നിധീഷും ഏദൻ ആപ്പിൾ ടോമും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. എൻ. ബേസിൽ രണ്ടു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ അക്ഷയ് ചന്ദ്രനെയും രോഹൻ കുന്നുമ്മലിനെയും വേഗത്തിൽ നഷ്ടപ്പെട്ടുവെങ്കിലും ആദിത്യ സർവാതെ (79), ക്യാപ്റ്റൻ സച്ചിൻ ബേബി (98) എന്നിവരുടെ മിന്നും പ്രകടനത്തിലൂടെ 342 റണ്‍സ് നേടാനായി. വിദർഭയ്ക്കുവേണ്ടി ഡാനിഷ് നൽകണ്ഡെ, ഹർഷ് ദുബെ, പാർഥ് രേഖഡെ എന്നിവർ മൂന്നുവിക്കറ്റുകൾ വീതം സ്വന്തമാക്കി.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ നിർണായകമായ 37 റണ്‍സ് ലീഡ് വിധിനിർണയത്തെ സ്വാധീനിച്ചേക്കാം. ഒന്നാം ഇന്നിംഗ്സ് ലീഡിനുമാത്രമായി ഇരുടീമുകളും വാശിയോടെ പൊരുതുന്നതും തുടർന്ന് മത്സരം സമനിലയിലാക്കാൻ ശ്രമിക്കുന്നതും കളിയുടെ ആവേശം കെടുത്തുമെന്ന വിമർശനം നേരത്തേതന്നെയുണ്ടെങ്കിലും രണ്ടുതവണ ഈ ആനൂകൂല്യം പ്രയോജനപ്പെടുത്തിയത് കേരളമാണ്.
സെമിയിൽ മുംബൈയ്ക്കെതിരേ 80 റണ്‍സിന്റെ ആധികാരികമായ ജയത്തോടെയാണ് വിദർഭ ഫൈനലിലെത്തിയതെങ്കിൽ ഗുജറാത്തിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ കേരളം ഫൈനലിലെത്തുകയായിരുന്നു. സെമിയിൽ ആദ്യം ബാറ്റ്ചെയ്ത കേരളം മുഹമ്മദ് അസ്ഹറുദ്ദീന്റെ 177 റണ്‍സിന്റെ സഹായത്തിൽ 457 റണ്‍സ് നേടി.
ഓപ്പണർ പ്രിയങ്ക് പഞ്ചലിന്റെ സെഞ്ചുറിക്കരുത്തിൽ (148) ഗുജറാത്ത് 455 റണ്‍സ് എടുത്തു. രണ്ടാം ഇന്നിംഗ്സിൽ കേരളം 46 ഓവറിൽ നാലുവിക്കറ്റിന് 114 എന്ന നിലയിൽ കളി അവസാനിച്ചു.
ഒന്നാം ഇന്നിംഗ്സിലെ രണ്ട് റണ്‍സിന്റെ മേധാവിത്വം കേരളത്തിനു ഫൈനൽപ്രവേശനമൊരുക്കി. ക്വാർട്ടറിൽ ജമ്മുകാഷ്മീരിനെതിരേ കേരളത്തെ വിജയികളാക്കിയതും ഒന്നാം ഇന്നിംഗ്സിലെ മേധാവിത്വമാണ്.