വൈബ് ടീം ; രഞ്ജി ട്രോഫി ഫൈനലിൽ വീരോചിത പ്രകടനവുമായി കേരളം
നാഗ്പുരിൽനിന്ന് എ.വി. സുനിൽ കുമാർ
Monday, March 3, 2025 3:26 AM IST
രഞ്ജി ട്രോഫി 2024-25 സീസൺ ഫൈനലിൽ വിജയിക്കാനായില്ലെങ്കിലും വിജയത്തിനു തൊട്ടടുത്തെത്തിയ ശേഷം പരാജയപ്പെട്ടു എന്നതാകും കേരളത്തിന്റെ കാര്യത്തില്‍ ശരി. ഫലത്തിൽ മത്സരം സമനിലയാണെങ്കിലും ഒന്നാം ഇന്നിംഗ്സിലെ ലീഡാണ് കേരളവും വിദർഭയും തമ്മിൽ ഉണ്ടായ വ്യത്യാസം.
സീസണില്‍ ഏറ്റവും കൂടതല്‍ റണ്‍സ് കണ്ടെത്തിയ, ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ബൗളറുടെ പങ്കാളിത്തമുള്ള വിദര്‍ഭയെ ആദ്യ നാലുദിനങ്ങളിലും വരിഞ്ഞുമുറുക്കി സമ്മര്‍ദത്തിലാക്കാന്‍ കേരള താരങ്ങള്‍ക്കായി. നാലാംദിവസം ആദ്യ സെഷനില്‍ കരുണ്‍ നായരെയും ഡാനിഷ് മലെവറിനെയും പുറത്താക്കാന്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടമായത് കേരളത്തിന്റെ കിരീടസ്വപ്നങ്ങള്ക്കു വലിയ തിരിച്ചടിയായി. ഭാഗ്യത്തിന്റെ ആനുകൂല്യം പരമാവധി മുതലാക്കി ഇരുതാരങ്ങളും മുന്നേറിയതോടെ മത്സരഗതി ഏതാണ്ടു നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
രഞ്ജി ട്രോഫി കുത്തകയാക്കിയിരുന്ന മുംബൈയെ അട്ടിമറിച്ച് ഫൈനലിലെത്തിയ വിദര്‍ഭ ഗ്രൂപ്പ് ഘട്ടങ്ങളിലും അനായാസം ജയിച്ചുകയറുകയായിരുന്നു.
അതേസമയം, ആദ്യ ഫൈനല്‍ കളിക്കുന്നതിന്റെ ഒരുതരത്തിലുള്ള അമ്പരപ്പും കേരളം കളിക്കളത്തില്‍ പ്രകടിപ്പിച്ചില്ല. ആദ്യദിവസം ആദ്യ പന്ത് മുതല്‍ തുടങ്ങിയ പോരാട്ടം അല്പമെങ്കിലും നിറംമങ്ങിയത് അഞ്ചാംദിവസം ആദ്യസെഷന് അവസാനിച്ചതോടെയാണ്. ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിയ ടീമിന്റെ ശരീരഭാഷ ആയിരുന്നില്ല കേരളം പ്രകടിപ്പിച്ചത്.
അഞ്ചാംദിവസമായ ഇന്നലെ നാലിന് 294 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് ആറാം ഓവറില്‍ത്തന്നെ കരുണ്‍ നായരെ നഷ്ടമായി. ജലജും സര്‍വാതെയും തുടങ്ങിവച്ച സ്പിന്‍ ആക്രമണത്തെ കരുണും വഡ്കറും കരുതലോടെയാണ് നേരിട്ടത്. പ്രത്യേകിച്ചും കോപ്പി ബുക്ക് സ്റ്റൈലില്‍ ഓരോ പന്തും വഡ്കര്‍ പ്രതിരോധിച്ചുനില്ക്കുകയായിരുന്നു.
സര്‍വാതെ ഏറിഞ്ഞ ഏഴാം ഓവറില്‍ സ്റ്റംപിനു പുറത്തേക്ക് കുത്തിത്തിരിഞ്ഞെത്തുന്ന പന്തിനെ അതിനു മുമ്പേ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുകയറിയ കരുണിനു പിഴച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നല്‍ സ്റ്റംപിംഗില്‍ തിരിഞ്ഞുനോക്കാതെ കരുണ്‍ മടങ്ങുകയായിരുന്നു. 295 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സും സഹിതമാണ് കരുണ്‍ 135 നിര്‍ണായക റണ്‍സുകള്‍ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ ന്യൂബോളില്‍ എം.ഡി. നിതീഷും ഏദന്‍ ആപ്പിള്‍ ടോമും ആക്രമണത്തിനെത്തി. ഹര്‍ഷ് ദുബെയെ (4) ഏദന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി.
അടുത്ത ഓവറില്‍ സര്‍വാതെ 108 പന്ത് പ്രതിരോധിച്ച് 25 റണ്‍സുമായി ക്രീസില്‍ തുടരുകയായിരുന്ന അക്ഷയ് വഡ്കറെ ക്ലീന്‍ബോള്‍ഡ് ആക്കി. കടുത്ത പ്രതിരോധം തീര്‍ത്ത് 70 പന്തില്‍ 30 റണ്‍സുമായി ക്രിസില്‍ തുടര്‍ന്ന അക്ഷയ് കര്നേവറെ ബേസില്‍ ക്ലീന്‍ബൗള്‍ഡ് ആക്കി. പത്ത് റണ്‍സെടുത്ത നചികേത് ഭുട്ടെയെ സര്‍വാതെ വിക്കറ്റിനു മുമ്പില്‍ കുടുക്കുകയും ചെയ്തു.
യാഷ് ഠാക്കൂറും (7) ദര്ശന് നല്‍കണ്ഡെയും (46) ബാറ്റിംഗ് തുടരുമ്പോള്‍ 144-ാം ഓവറില്‍ കളി അവസാനിപ്പിക്കുകയായിരുന്നു.