11-ാമതും റിക്കാര്‍ഡ് തിരുത്തി ഡുപ്ലാന്റിസ്
Sunday, March 2, 2025 12:01 AM IST
ക്ലെര്‍മോണ്ട് ഫെറാന്‍ഡ് (ഫ്രാന്‍സ്): സ്വീഡിഷ് പോള്‍വോള്‍ട്ട് സൂപ്പര്‍ താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസ് 11-ാം തവണയും ലോക റിക്കാര്‍ഡ് തിരുത്തി.
ക്ലെര്‍മോണ്ട് ഫെറാന്‍ഡില്‍ നടന്ന മീറ്റില്‍ 6.27 മീറ്റര്‍ കുറിച്ചാണ് സ്വന്തം പേരിലെ ലോക റിക്കാര്‍ഡ് ഇരുപത്തഞ്ചുകാരനായ ഡുപ്ലാന്റിസ് 11-ാം തവണയും തിരുത്തിയത്.
രണ്ടു തവണ വീതം ഒളിമ്പിക്, ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണജേതാവായ ഡുപ്ലാന്റിസ് ആദ്യശ്രമത്തില്‍ത്തന്നെ 6.27 മീറ്റര്‍ ക്ലിയര്‍ ചെയ്തു. ഓഗസ്റ്റില്‍ കുറിച്ച 6.26 മീറ്ററാണ് ഡുപ്ലാന്റിസ് തിരുത്തിയത്.
2020 ഫെബ്രുവരിയില്‍ 6.17 മീറ്റര്‍ ക്ലിയര്‍ ചെയ്തപ്പോള്‍ മുതല്‍ പുരുഷ വിഭാഗം പോള്‍വോള്‍ട്ട് ലോക റിക്കാര്‍ഡ് ഡുപ്ലാന്റിസിന്റെ പേരിലാണ്. 2014ല്‍ ഫ്രാന്‍സിന്റെ റെനോഡ് ലാവില്ലെനി കുറിച്ച 6.14 മീറ്ററായിരുന്നു അതുവരെയുണ്ടായിരുന്ന റിക്കാര്‍ഡ്.