ക്രിക്കറ്റിലെ ‘ബേബി’സച്ചിൻ
Wednesday, March 5, 2025 2:09 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: അമ്മയുടെ കൈപിടിച്ച് ഇടുക്കി അടിമാലിയില്‍നിന്നും തൊടുപുഴയിലേക്കു പോയ പന്ത്രണ്ടുകാരന് തിരികെ വീട്ടിലേക്കു വണ്ടി കയറിയത് അണ്ടര്‍ 13 ജില്ലാ ടീമില്‍ ഇടം നേടി. സച്ചിന് ബേബി എന്ന പയ്യന് അന്നു തുടങ്ങിയ ക്രിക്കറ്റ് യാത്ര ഇന്ന് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന രാജകീക മത്സരമായ രഞ്ജി ട്രോഫിയില്‍ റണ്ണേഴ്സ് അപ്പായ കേരളാ ടീമിന്റെ ക്യാപ്റ്റന്വരെ എത്തിനില്‍ക്കുന്നു.
ക്രിക്കറ്റിനെ ആവോളം സ്നേഹിച്ച മാതാപിതാക്കളുടെ മകന് സച്ചിന് എന്നു പേരിട്ടതിനു പിന്നില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ ഒരു സെഞ്ചുറി കഥയുമുണ്ട്.
തെണ്ടുല്‍ക്കര്‍ 1988 ഡിസംബര്‍ 11ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 15-ാം വയസില്‍ സെഞ്ചുറി കുറിക്കുന്നു. ഒരാഴ്ച കഴിഞ്ഞ്, അടിമാലി മാറാച്ചേരി പി.സി. ബേബിക്കും-ലില്ലിക്കും ആണ്കുഞ്ഞു പിറക്കുന്നു. തന്റെ കുഞ്ഞിനു ക്രിക്കറ്റ് പ്രേമിയായ ആ പിതാവ് ഇട്ട പേര് സച്ചിന്. അടിമാലിക്കാരനായ ബേബിയുടെ മകന് സച്ചിന്റെ നായകത്വത്തിലാണ് രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായി കേരളം ഫൈനലില്‍ ഇടം പിടിച്ചത്. രഞ്ജി പോരാട്ടം കഴിഞ്ഞ് തിരികെ എത്തിയ സച്ചിന് മനസു തുറന്നപ്പോള്‍...
ക്രിക്കറ്റിലേക്കുള്ള വരവ്
കായിക മേഖലയോട് ഏറെ ഇഷ്ടമായിരുന്നു. കുഞ്ഞുനാളില്‍ മാതാപിതാക്കള്‍ പ്രോത്സാഹനം നല്കി. അടിമാലി വിശ്വദീപ്തി സ്കൂളിലും എസ്എന്‍ഡിപി സ്കൂളിലും പഠിക്കുന്ന കാലത്ത സ്കൂള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. കായിക മത്സരങ്ങള്‍ക്കു സെലക്ഷനു വേണ്ടി കൊണ്ടുപോകുന്നത് അമ്മ ലില്ലിയായിരുന്നു. ഫുട്ബോളും ക്രിക്കറ്റുമൊക്ക തട്ടി നടന്നപ്പോള്‍ ആദ്യം സെലക്ഷനു കൊണ്ടുപോയത് ഫുട്ബോളിലായിരുന്നു. തുടര്‍ന്നാണ് തൊടുപുഴയില്‍ അണ്ടര്‍ 13 ജില്ലാ ടീം സെലക്ഷനായി അമ്മ കൊണ്ടുപോയത്. ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന സെലക്ഷന് ക്യാമ്പിലൂടെ ടീമില്‍ ഇടം നേടി. ക്യാപ്റ്റനുമായി. അതേവര്‍ഷം തന്നെ സംസ്ഥാന ടീം ക്യാപ്റ്റന്‍. തുടര്‍ന്നിങ്ങോട്ട് വിവിധ കാറ്റഗറിയില്‍ കേരളാ ടീം ക്യാപ്റ്റന്റെ ക്യാപ് അണിഞ്ഞു. ഒടുവില്‍ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍ പദവിയില്‍ എത്തി. ടീം മികച്ച പ്രകടനം കാഴചവച്ചതില് സംതൃപ്താണ് സച്ചിൻ ബേബി.
രഞ്ജി ഫൈനലിനെക്കുറിച്ച്
മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ സാധിച്ചു. വിദര്‍ഭയ്ക്ക് അവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിച്ചു എന്നതു ഗുണമായി. കേരളം ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. വിദര്‍ഭ മുന്നോട്ടുവച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടരാന് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഏറെ ആത്മവിശ്വാസമുണ്ടായിരുന്നു. തനതു ശൈലിയില്‍ തന്നെയാണ് ബാറ്റ് ചെയ്തത്. 98 റണ്‍സെടുത്തു നിന്നപ്പോള്‍ വിക്കറ്റ് നഷ്ടമായതില്‍ സെഞ്ചുറി നഷ്ടത്തേക്കാള്‍, ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടാന്‍ കഴിയാത്തതിലാണ് സങ്കടം.
ടീമിനെക്കുറിച്ച്
യുവതാരങ്ങളും പരിചയസമ്പന്നരും അണിനിരന്ന ഒരു സംഘമായിരുന്നു ടീം കേരള. ലീഗ് ഘട്ടം മുതലുള്ള മത്സരങ്ങള്‍ പരിശോധിച്ചാല്‍ ടീമിന്റെ ഒരുമിച്ചുള്ള പോരാട്ടവീര്യം വ്യക്തമാകും. വാലറ്റം വരെയുള്ള താരങ്ങള്‍ പല മത്സരങ്ങളിലും മിന്നും ബാറ്റിംഗ് കാഴ്ചവച്ചത് ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ ബൗളിംഗ് നിരയുടെ പോരാട്ടവീര്യവും ടീമിന് കൂടുതല്‍ കരുത്തു പകര്‍ന്നു. അഞ്ച് വര്‍ഷം മുന്‍പ് സെമിഫൈനലില്‍ പരാജയപ്പെട്ടതിനു ശേഷം ഇത്തവണ ഫൈനലില്‍ ഇടംപിടിച്ചപ്പോള്‍ താരങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിരുന്നു.
സഹകളിക്കാരില്നിന്നും മികച്ച പിന്തുണയാണ് കിട്ടിയത്. ഒരു കളിക്കാരന് പരാജയപ്പെട്ടാല്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മറ്റൊരാള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. കളിക്കാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചാണ് ഇത്തവണ ടൂര്‍ണമെന്റില്‍ ഇറങ്ങിയത്. ക്യാപ്റ്റനു തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യം പരിശീലകന് അമേയ് ഖുറാസിയയും നല്‍കിയിരുന്നു. ഫൈനലില്‍ കാലിടറിയെങ്കിലും ആത്മവിശ്വാസത്തില്‍ ഒട്ടും കോട്ടം സംഭവിച്ചിട്ടില്ല.
യുവതാരങ്ങളോട് പറയാനുള്ളത്
അടുത്ത തവണ കപ്പടിക്കണം. അതില്‍ കുറഞ്ഞൊന്നും ആലോചിക്കരുത്. ഇന്ത്യയിലെ വമ്പന്‍ സംസ്ഥാനങ്ങളെ പലതിനെയും മറികടന്നാണ് കേരളം ഫൈനലിലെത്തിയത്. ഒത്തൊരുമിച്ചു പോരാട്ടത്തിനിറങ്ങിയാല്‍ ഏതു ശക്തനെയും മറികടക്കാന്‍ കേരളത്തിനു കഴിയുമെന്നതാണ് വെളിപ്പെടുന്നത്. നിരവധി യുവതാരങ്ങളാല് സമ്പന്നമാണ് കേരളാ ക്രിക്കറ്റ്. വരും കാലങ്ങളില്‍ അവരുടെ പ്രകടനം കാണാന്‍ കഴിയും.
തുടർ പരിശീലനത്തെക്കുറിച്ച്
രാജ്യത്തിനകത്ത് ജമ്മു-കാഷ്മീരിലും രാജ്യാന്തര തലത്തില്‍ ഇംഗ്ലണ്ടിലും പരിശീലന മത്സരങ്ങള്‍ ഒരുക്കുന്ന കാര്യം കേരളാ ക്രിക്കറ്റ് അസോസിയേഷന് പരിഗണിക്കുന്നുണ്ട്. ഇതനുസരിച്ച് പരിശീലന മത്സരങ്ങള്‍ നടത്തും. കേരളാ ക്രിക്കറ്റ് ലീഗിലെ മത്സര പരിചയ സമ്പത്ത് ഇക്കുറി പല താരങ്ങക്കും ഗുണപ്രദമായി-സച്ചിന് ബേബി പറഞ്ഞു.