അതിഥി ദേവോ ഭവ!
സ്വന്തം ലേഖകൻ
Monday, March 3, 2025 3:26 AM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം വരെ കേരളവും വിദര്‍ഭയും എത്തിയതിന്റെ വഴികളാലോചിക്കുമ്പോള് അതിഥി ദേവോ ഭവ എന്നാണു രണ്ട് ടീമിന്റെയും മാനേജ്മെന്റുകള്‍ പറയുന്നത്. ഓള്‍റൗണ്ട് മികവ് പുലര്‍ത്തുന്ന വിദര്‍ഭയുടെ കാര്യത്തില്‍ മലയാളിയായ അതിഥിതാരം കരുണ്‍ നായര്‍ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം രക്ഷകനായി അവതരിച്ചുവെങ്കില്‍ മൂന്ന് അതിഥി താരങ്ങളാണ് കേരളത്തെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ചത്.
മധ്യപ്രദേശിന്റെ ബൗളിംഗ് ഓള്‍റൗണ്ടര്‍ ജലജ് സക്സേന, നാഗ്പുരിന്റെ സ്വന്തംതാരം ആദിത്യ സര്‍വാതെ എന്നിവര്‍ക്കൊപ്പം തമിഴ്നാടിന്റെ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ബാബ അപരാജിതും ബാറ്റുകൊണ്ടും ബോളുകൊണ്ടും നടത്തിയ പോരാട്ടങ്ങള്കൂടിയാണ് കേരളത്തിന്റെ ജൈത്രയാത്രയ്ക്ക് അവസാനംവരെ ഇന്ധനം പകര്‍ന്നത്.
ഗുജറാത്തിനെതിരേ സെമിയില്‍ നാലുവിക്കറ്റുകള്‍ വീതം വീഴ്ത്തിയ സര്‍വാതെയുടെയും ജലജിന്റെയും പ്രകടനമാണ് 457 റണ്‍സ് ചേസ് ചെയ്ത ഗുജറാത്ത് ഇന്നിംഗ്സ് 455 ല്‍ അവസാനിപ്പിച്ചത്. 71 ഓവറുകള്‍ ബൗള്‍ചെയ്ത ജലജ് 149 റണ്‍സ് വിട്ടുകൊടുത്താണ് നാലു വിക്കറ്റ് വീഴ്ത്തിയത്. 14 ഓവറുകള്‍ മെയ്ഡനായി. 2.06 ആയിരുന്നു ശരാശരി എന്നതില്‍നിന്ന് ആ കഠിനാധ്വാനം വായിച്ചെടുക്കാം. 45.4 ഓവര്‍ ബൗള്‍ചെയ്ത സര്‍വാതെ 111 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഏഴ് മെയ്ഡനുകള്‍. റണ്‍ശരാശരി 2.43 മാത്രവും.
എലൈറ്റ് മത്സരത്തില്‍ പഞ്ചാബിനെതിരേയുള്ള ആദ്യമത്സരത്തില്‍ത്തന്നെ ഈ മൂവര്‍ സംഘം കളംനിറഞ്ഞ് കളിച്ചുതുടങ്ങി. ആദ്യ ഇന്നിംഗ്സില്‍ സര്‍വാതെയും ജലജും അഞ്ചുവിക്കറ്റുകള്വീതം വീഴ്ത്തി പഞ്ചാബിനെ 194 റണ്‍സിലൊതുക്കി. രണ്ടാം ഇന്നിംഗ്സില്‍ ജലജ് അല്‍പ്പം നിറംമങ്ങിയപ്പോള്‍ ബാബ അപരാജിത് ആഞ്ഞടിച്ചു. നാല് വിക്കറ്റുകള്‍വീതം വീഴ്ത്തി ബാബ അപരാജിതും സര്‍വാതെയും കേരളത്തിന്റെ മേധാവിത്വം ഉറപ്പാക്കി. ജലജ് രണ്ടു വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സില്‍ ബാബ അപരാജിത് 39 റണ്‍സുമായി അപരാജിതനാവുകയും ചെയ്തു.
കരുത്തരായ കര്‍ണാടകയ്ക്കെതിരായ മത്സരം മഴയെത്തുടര്‍ന്ന് രണ്ടുദിവസംകൊണ്ട് അവസാനിച്ചു. ബംഗാളിനെതിരേയായിരുന്നു അടുത്തമത്സരം. ആദ്യം ബാറ്റ്ചെയ്ത കേരളത്തിനുവേണ്ടി ബാബ അപരാജിതും ആദിത്യ സര്‍വാതെയും നിരാശപ്പെടുത്തിയെങ്കില്‍ 84 റണ്‍സുമായി ജലജ് ടീമിനെ മുന്നോട്ടുനയിച്ചു.
യുപിക്കെതിരേയുള്ള അടുത്ത മത്സരത്തില്‍ ആദിത്യ സര്‍വാതെ നാലു വിക്കറ്റുകളും ബാബ അപരാജിത് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ രണ്ട് ഇന്നിംഗ്സുകളിലുമായി 11 യുപി ബാറ്റര്‍മാരെ കറക്കിവീഴ്ത്തി ജലജ് സക്സേന മാന്‍ ഓഫ് ദ മാച്ചായി. മധ്യപ്രദേശിനെതിരേയുള്ള മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ സര്‍വാതെ മൂന്ന് വിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്സില്‍ ജലജ് രണ്ടുവിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സില്‍ ജലജും (32) സര്‍വാതെയും (80) ബാറ്റിംഗിലും തിളങ്ങി. ബിഹാറിനെതിരേ അടുത്ത മത്സരത്തില്‍ വീണ്ടും പത്ത് വിക്കറ്റ് പ്രകടനം ജലജ് പുറത്തെടുത്തു. സര്‍വാതെ രണ്ടു വിക്കറ്റും.
കപ്പില്‍ മലയാളി പങ്കാളിത്തം
കരുണ്‍ നായരെന്ന മലയാളി അതിഥി താരത്തിന്റെ പേരിലാണ് വിദര്‍ഭയും ഊറ്റം കൊള്ളുന്നത്. ഫൈനലില്‍ ആദ്യ ഇന്നിംഗ്സില്‍ 89ഉം രണ്ടാം ഇന്നിംഗ്സില്‍ 135ഉം. പ്രതിസന്ധിയിൽ നില്ക്കുന്ന ഘട്ടത്തിലാണ് രണ്ട് ഇന്നിംഗ്സിലും കരുണ്‍ വിദർഭയെ കരകയറ്റിയത്.