റയല്‍ വീണു
Monday, March 3, 2025 3:26 AM IST
ബെറ്റിസ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. എവേ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 1-2നു റയല്‍ ബെറ്റിസിനോടു പരാജയപ്പെട്ടു. 10-ാം മിനിറ്റില്‍ ബ്രാഹിം ഡിയസിലൂടെ ലീഡ് നേടിയശേഷമായിരുന്നു റയല്‍ മാഡ്രിഡിന്റെ തോല്‍വി. ജോണി കാര്ഡൊസൊ (34’), ഇസ്കോ (54’ പെനാല്‍റ്റി) എന്നിവര്‍ ബെറ്റിസിനായി ലക്ഷ്യം കണ്ടു.
അതേസമയം, അത്ലറ്റിക്കോ മാഡ്രിഡ് ഹോം മത്സരത്തില്‍ 1-0ന് അത്ലറ്റിക്കോ ബില്‍ബാവോയെ കീഴടക്കി. ജൂലിയന്‍ ആല്വസരസിന്റെ (66’) ഗോളിലാണ് അത്ലറ്റിക്കോ ജയം സ്വന്തമാക്കിയത്. ജയത്തോടെ ലീഗ് പോയിന്റ് ടേബിളില്‍ അത്ലറ്റിക്കോ (56 പോയിന്റ്) ഒന്നാമതെത്തി. 54 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാമതാണ്. റയല്‍ ബെറ്റിസ് 38 പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നു.