ചരിത്രനേട്ടവുമായി ഹർഷ് ദുബെ
Saturday, March 1, 2025 12:03 AM IST
വിദർഭയുടെ ഇടംകൈൻ സ്പിന്നർ ഹർഷ് ദുബെക്കു രഞ്ജിയിൽ ചരിത്രനേട്ടം. മൂന്നാം ദിവസം ചായയ്ക്കുശേഷം കേരളത്തിന്റെ എം.ഡി. നിധീഷിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഒരു രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി ഈ 22കാരൻ മാറി.
സെമിയിൽ മുംബൈയ്ക്കെതിരേ ഏഴു വിക്കറ്റുകൾ ഉൾപ്പെടെ 69 ഇരകളെയാണ് ഹർഷ് ദുബെ ഈ സീസണിൽ വീഴ്ത്തിയത്. വിക്കറ്റ് മാത്രമല്ല 17 ഇന്നിംഗ്സുകളിലായി അഞ്ച് അർധസെഞ്ചുറികൾ അടക്കം 472 റണ്‍സും യുവതാരത്തിന് സ്വന്തം. ഒരു സീസണിൽ 450ലേറെ റണ്‍സും അന്‍പതിലേറെ വിക്കറ്റും നേടുന്ന നാലാമത്തെ താരമായും ഇതോടെ വിദർഭയുടെ തുറുപ്പുചീട്ട് മാറി.
ഇന്നലെ ആദ്യസെഷനിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന ആദിത്യ സർവാതെ-സച്ചിൻ സഖ്യത്തെ തകർത്തായിരുന്നു തുടക്കം. പത്ത് ഓവറിനുശേഷം സൽമാൻ നിസാറിനെയും മടക്കി വിദർഭയെ സുരക്ഷിത നിലയിലെത്തിച്ചു.
ഒടുവിൽ നിതീഷിന്റെ വിക്കറ്റ് കൂടി ലഭിച്ചതോടെ ബിഹാറിന്റെ ഇടംകൈയൻ സ്പിന്നർ അശുതോഷ് അമാൻ 2018-19 സീസണിൽ എട്ട് കളികളിൽനിന്ന് 6.48 ശരാശരിയിൽ 68 വിക്കറ്റുകൾ വീഴ്ത്തിയതു പഴങ്കഥയായി.
സൗരാഷ്ട്രയുടെ ധർമന്ദ്രസിംഗ് ജഡേജ 40 വിക്കറ്റുകളുമായി രണ്ടാമതുണ്ട്. കേരളത്തിന്റെ ജലജ് സക്സേനയ്ക്കു 38 വിക്കറ്റുകൾ ഉണ്ടെന്നുമാത്രമല്ല ഇന്ന് പന്തെറിയാനുള്ള അവസരവും ഉണ്ട്.