ഓ, മൈ ഗോഡ്; പറക്കും കിവി...
Monday, March 3, 2025 3:26 AM IST
ദുബായ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ അരങ്ങേറിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഒരു ‘ഓ മൈ ഗോഡ്’ മുഹൂര്‍ത്തമുണ്ടായി. ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം അദ്ഭുതംകൂറിയ മുഹൂര്‍ത്തം. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏഴാം ഓവറിലെ നാലാം പന്ത്. ക്രീസില്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി.
എറിയുന്നത് കിവീസ് പേസര്‍ മാറ്റ് ഹെന്റി. ഔട്ട് സൈഡ് ഓഫിലായി ഗുഡ് ലെംഗ്തില്‍ ഹെന്റിയുടെ പന്ത്. ബാറ്റേന്തിയ കൈകള്‍ വായുവില്‍ അര്‍ധവൃത്തം തീര്‍ത്ത് കോഹ്ലിയുടെ പവര്‍ഫുള്‍ ഓഫ് സൈഡ് ഷോട്ട്. ബാക്ക്വേഡ് പോയിന്റിലേക്ക് നിലംതൊടാതെ പന്ത് പാഞ്ഞു.
പക്ഷേ, അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗ്ലെന്‍ ഫിലിപ്പ്സ് വലത്തേക്ക് നെടുനീളത്തിലൊരു ഡൈവിംഗ് നടത്തി. തന്റെ ശരീരത്തിനും പിന്നോട്ടു പായുകയായിരുന്ന പന്തിനെ നീട്ടിപ്പിടിച്ച വലതുകരത്തിനുള്ളില് ഗ്ലെന്‍ ഫിലിപ്പ്സ് കൊരുത്തെടുത്തു! കോഹ്ലിക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... ഗാലറിയില്‍ ഉണ്ടായിരുന്ന കോഹ്ലിയുടെ ഭാര്യ അനുഷ്കയ്ക്കും... മുമ്പും സമാന ക്യാച്ചുകള്‍ ഫിലിപ്പ്സ് എടുത്തിട്ടുണ്ട്.
14 പന്തില്‍ രണ്ടു ഫോറടക്കം 11 റണ്‍സ് എടുത്ത കോഹ്ലിയുടെ ഇന്നിംഗ്സിനു വിരാമം. രാജ്യാന്തര ഏകദിനത്തില്‍ കോഹ്ലിയുടെ 300-ാം മത്സരമായിരുന്നു. ഇന്ത്യക്കായി 300+ രാജ്യാന്തര മത്സരങ്ങള്‍ തികയ്ക്കുന്ന ഏഴാമനാണ് മുപ്പത്താറുകാരനായ കോഹ്ലി. ലോകത്തിലെ 22-ാമനും.
ജഡേജ സി വില്യംസണ്
കോഹ്ലിയെ പുറത്താക്കിയ ഫിലിപ്പ്സിന്റെ ഫ്ളൈയിംഗ് ക്യാച്ചില്‍ കിവീസ് ഫീല്‍ഡിംഗ് മികവ് ഒതുങ്ങിയില്ല. 46-ാം ഓവറിന്റെ അഞ്ചാം പന്തില്‍ മറ്റൊരു മുഴുനീളന്‍ ഡൈവിംഗ് ക്യാച്ചിലൂടെ കെയ്ന്‍ വില്യംസണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജയെയും പുറത്താക്കി. മാറ്റ് ഹെന്റിയുടെ പന്തിലായിരുന്നു വില്യംസണിന്റെയും മിന്നും ക്യാച്ച്.
ഇടംകൈയനായ ജഡേജയും ബാക്ക്വേഡ് പോയിന്റിലെ ഉജ്വല ക്യാച്ചിലൂടെ പവലിയനിലേക്കു മടങ്ങി. 20 പന്തില്‍ ഒരു ഫോറിന്റെ സഹായത്തോടെ 16 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം.