കിവീസ് Vs പ്രോട്ടീസ്
Wednesday, March 5, 2025 2:09 AM IST
ലാഹോർ: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനൽ ചിത്രം ഇന്നു തെളിയും. രണ്ടാം സെമിയിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഉച്ചകഴിഞ്ഞ് 2.30ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം.
2000നുശേഷം വീണ്ടുമൊരു കപ്പുയർത്തുകയാണ് കിവീസിന്റെ ലക്ഷ്യം. എന്നാൽ, 1998 ചാന്പ്യൻസ് ട്രോഫിക്കുശേഷം ഐസിസി ടൂർണമെന്റിൽ കപ്പ് നേടുകയാണ് പ്രോട്ടീസിന്റെ ലക്ഷ്യം. ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ് രണ്ടാം സ്ഥാനക്കാരായും ഗ്രൂപ്പ് ബിയിൽ പ്രോട്ടീസ് ഒന്നാം സ്ഥാനക്കാരുമായാണ് സെമിയിലെത്തിയത്.
ബാറ്റിംഗ് കരുത്തിൽ ഇരുടീമും തുല്ല്യ ശക്തികളാണ്. ഒറ്റയ്ക്കു മത്സരം ജയിപ്പിക്കാൻ കെൽപ്പുള്ളവർ മുതൽ വെടിക്കെട്ട് ബാറ്റർമാർ വരെ. ഫീൽഡിംഗ് മികവിലും രണ്ടു ടീമിനും ആശങ്കയില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് സമീപ കാലത്തെ ഫോമില്ലാഴ്മ വെല്ലുവിളിയാണ്. കിവീസ് ആകട്ടെ സമീപകാലത്ത് വൻ മുന്നേറ്റം
കാഴ്ചവയ്ക്കുന്ന ടീമുമാണ്. അവസാന അഞ്ച് മത്സരങ്ങളിൽ നേർക്കുനേർ പോരാട്ടത്തിൽ മൂന്ന് മത്സരങ്ങൾ ജയിച്ച ന്യൂസിലൻഡിന് മുൻതൂക്കമുണ്ട്.