ബാറ്റിംഗ് റാങ്കിംഗ്: കോഹ്ലി നാലാമൻ
Thursday, March 6, 2025 12:18 AM IST
ദുബായ്: ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ നാലാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യയുടെ റണ്‍മെഷീൻ വിരാട് കോഹ്ലി.
ദുബായിൽ നടന്ന ചാന്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ നിർണായകമായ 84 റണ്‍സ് നേടിയതോടെയാണ് താരം നാലാം സ്ഥാനത്തേക്ക് എത്തിയത്. നായകൻ രോഹിത് ശർമ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. ഓപ്പണർ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.
അഫ്ഗാനിസ്ഥാന്റെ അസ്മതുള്ള ഒമർസായാണ് ഓൾറൗണ്ടർമാരിൽ ഒന്നാമത്. സഹതാരം മുഹമ്മദ് നബിയെയാണ് താരം പിന്തള്ളിയത്. ചാന്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരേ അഞ്ച് വിക്കറ്റ് നേട്ടവും ഓസ്ട്രേലിയയ്ക്കെതിരേയുള്ള അർധസെഞ്ചുറിയുമാണ് താരത്തെ ടോപ്പിലേക്ക് എത്തിച്ചത്.
ബൗളർമാരിൽ ന്യൂസിലൻഡിന്റെ മാറ്റ് ഹെൻറി മൂന്ന് സ്ഥാനം മെച്ചഞ്ഞെടുത്തി മൂന്നാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ മഹീഷ് തീക്ഷ്ണ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ മുഹമ്മദ് ഷമി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 11-ാമതെത്തി.