ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ
Wednesday, March 5, 2025 2:09 AM IST
ദുബായ്: സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ മിന്നും ബാറ്റിംഗിലൂടെ ഇന്ത്യന്‍ ടീം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. സെമിയില്‍ ഓസ്ട്രേലിയയെ നാലു വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കു മുന്നില്‍ പരാജയപ്പെട്ടതിന്റെ കണക്ക് ചെറിയതോതില്‍ വീട്ടാന്‍ ഇന്ത്യക്കായി. 98 പന്തില്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 84 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ഇന്ത്യയുടെ അച്ചടക്ക ബൗളിംഗിനു മുന്നില്‍ 264 റണ്‍സ് മാത്രമാണ് ഓസീസിന് എടുക്കാന്‍ സാധിച്ചത്. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി കോഹ്ലിക്കു പിന്നാലെ ശ്രേയസ് അയ്യര്‍ (62 പന്തില്‍ 45), കെ.എല്‍. രാഹുല്‍ (34 പന്തില്‍ 42 നോട്ടൗട്ട്), ഹാര്‍ദിക് പാണ്ഡ്യ (24 പന്തില്‍ 28) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 29 പന്തില്‍ 28 റണ്‍സ് നേടി. ഐസിസി ഏകദിന ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ സിക്സ് (65) എന്ന റിക്കാര്‍ഡ് രോഹിത് സ്വന്തമാക്കി. ക്രിസ് ഗെയ്ലിനെയാണ് (64) മറികടന്നത്.
ചാന്പ്യൻസ് ട്രോഫിയിൽ തുടർച്ചയായി മൂന്നു തവണ (2013, 2017, 2025) ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. ഐസിസിയുടെ എല്ലാ ടൂർണമെന്റിലും (ഏകദിന ലോകകപ്പ്, ചാന്പ്യൻസ് ട്രോഫി, ട്വന്റി-20 ലോകകപ്പ്, ടെസ്റ്റ് ചാന്പ്യൻഷിപ്പ്) ഫൈനലിൽ എത്തുന്ന ആദ്യ ക്യാപ്റ്റൻ എന്ന നേട്ടം ഇന്ത്യയുടെ രോഹിത് ശർമയും സ്വന്തമാക്കി.
കോഹ്ലി-ശ്രേയസ്
7.5 ഓവറില്‍ കൂപ്പര്‍ കനോലിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 43/2. തുടര്‍ന്നു ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്ലിയും ശ്രേയസ് അയ്യറുമാണ് ജയത്തിലേക്കുള്ള അടിത്തറ ഇട്ടത്. 111 പന്തില്‍ 91 റണ്‍സ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ ഇവര്‍ സ്ഥാപിച്ചു. 62 പന്തില്‍ 45 റണ്‍സ് നേടിയ ശ്രേയസ് അര്‍ഹിച്ച അര്‍ധസെഞ്ചുറിക്ക് അരികെ പുറത്തായി. ആദം സാംപയുടെ പന്തില്‍ ബൗള്‍ഡായാണ് അയ്യര്‍ മടങ്ങിയത്. സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന കോഹ്ലിയെയും സാംപ പുറത്താക്കി. ഓസ്ട്രേലിയയ്ക്കെതിരേ കോഹ്ലിയുടെ 50-ാം ഏകദിന മത്സരമായിരുന്നു.
ടോസ് യോഗമില്ല...
ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു ടോസ് ഭാഗ്യമില്ല. തുടര്‍ച്ചയായ 14-ാം തവണയും ഇന്ത്യക്കു ടോസ് നഷ്ടപ്പെട്ടു. ഇന്നലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലും ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനല്‍ മുതലാണ് ടോസ് ഇന്ത്യക്ക് എതിരായത്. തുടര്‍ച്ചയായി 14 തവണ ടോസ് നഷ്ടപ്പെട്ടതില്‍ 11 പ്രാവശ്യവും രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. തുടര്‍ച്ചയായി രാജ്യാന്തര ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റന്മാരുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്‍താരം ബ്രയാന്‍ ലാറയ്ക്കു (12) പിന്നില്‍ രണ്ടാം സ്ഥാനത്തും രോഹിത് എത്തി.
ഹെഡിനെ പുറത്താക്കി വരുൺ
മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ഓസീസ് ഓപ്പണര്‍ കൂപ്പര്‍ കനോലിയെ (0) വിക്കറ്റിനു പിന്നില്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ആക്രമണം ആരംഭിച്ചത്. സ്കോര്‍ 54ല്‍ നില്ക്കുമ്പോള് ട്രാവിസ് ഹെഡും മടങ്ങി.
2022നുശേഷം ഇന്ത്യക്കെതിരേ ഏറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവച്ച ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ എട്ടാം ഓവര്‍ എറിയാനാണ് മിസ്റ്ററി സ്പിന്നറായ വരുണിനെ ക്യാപ്റ്റന്‍ രോഹിത് നിയോഗിച്ചത്. ആദ്യ പന്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സിംഗിള്‍ എടുത്തു.
വരുണിന്റെ രണ്ടാം പന്ത് നേരിടാന്‍ ഹെഡ് ക്രീസില്‍. ഉയര്‍ത്തിയടിച്ച ഹെഡിനു പിഴച്ചു. ലോംഗ് ഓഫില്‍ ഇടതുവശത്തേക്ക് ഓടിയെടുത്ത ക്യാച്ചിലൂടെ ശുഭ്മാന്‍ ഗില്‍ ഹെഡിനെ പറഞ്ഞയച്ചു. വരുണിന്റെ നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഹെഡ് മടങ്ങി. 33 പന്തില്‍ രണ്ടു സിക്സും അഞ്ച് ഫോറും അടക്കം 39 റണ്‍സ് ആയിരുന്നു ഹെഡിന്റെ സമ്പാദ്യം.
ഇന്നിംഗ്സിലെ 10 ഓവറിനുള്ളില്‍ ഹെഡിനെ പുറത്താക്കുന്ന ആദ്യ സ്പിന്നറാണ് വരുണ്‍ ചക്രവര്‍ത്തി. ഐസിസി മത്സരങ്ങളില്‍ ഹെഡിന്റെ ഏറ്റവും ചെറിയ സ്കോറുമിതാണ്.
സ്മിത്ത്, കാരെ
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബൂഷെയ്നും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ ചെറിയ രക്ഷാപ്രവര്‍ത്തനം നടത്തി. സ്മിത്ത് - ഹെഡ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 32 പന്തില്‍ 50 റണ്‍സ് പിറന്നിരുന്നു. ലബൂഷെയ്ന് - സ്മിത്ത് കൂട്ടുകെട്ട് മെല്ലപ്പോക്കു നയമായിരുന്നു. 85 പന്തില്‍ ഇവര്‍ 56 റണ്‍സ് നേടി. ലബൂഷെയ്നെ (29) വിക്കറ്റിനു മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്കി. ഏകദിനത്തില്‍ ലബൂഷെയ്നെ ജഡേജ പുറത്താക്കുന്നത് നാലാം തവണ.
നേരിട്ട 68-ാം പന്തില്‍ സ്മിത്ത് അര്‍ധസെഞ്ചുറി കുറിച്ചു. ഐസിസി ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി നോക്കൗട്ട് മത്സരങ്ങളില്‍ സ്മിത്ത് കുറിക്കുന്ന അഞ്ചാം അര്‍ധസെഞ്ചുറിയാണ്. 96 പന്തില്‍ 73 റണ്‍സ് നേടിയ സ്മിത്തിനെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി; 36.4 ഓവറില്‍ ഓസീസ് 198/5.
കൂറ്റനടിക്കാരനായ ഗ്ലെന്‍ മാക്സ്വെല്ലിനെ (7) അക്സര്‍ പട്ടേലും ബൗള്‍ഡാക്കി. അലക്സ് കാരെയായിരുന്നു ഓസീസ് ഇന്നിംഗ്സ് 250 കടക്കാന്‍ സഹായിച്ചത്. 57 പന്തില്‍ 61 റണ്‍സ് നേടിയ കാരെ ശ്രേയസ് അയ്യറിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു.
ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് സ്വന്തമാക്കി.
വീര റിക്കാര്‍ഡുകള്‍
1000: ഐസിസി (ചാമ്പ്യന്‍സ് ട്രോഫി, ലോകകപ്പ്) നോക്കൗട്ട് മത്സരങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരന് എന്ന റിക്കാര്‍ഡ് വിരാട് കോഹ്ലി ഇന്നലെ സ്വന്തമാക്കി.
02: മൂന്നാം നമ്പറില്‍ ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമന് എന്ന നേട്ടത്തിനും കോഹ്ലി അര്‍ഹനായി. റിക്കി പോണ്ടിംഗാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
8000: രാജ്യാന്തര ഏകദിനത്തില്‍ ചേസിംഗില്‍ 8,000 റണ്‍സ് പിന്നിടുന്ന രണ്ടാമത് മാത്രം കളിക്കാരനായി വിരാട് കോഹ്ലി. ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്.
161: രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി രണ്ടാമത്. റിക്കി പോണ്ടിംഗിനെയാണ് (160) കോഹ്ലി മറികടന്നത്. ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ മാത്രമാണ് (218) കോഹ്ലിക്കു മുന്നില്‍ ഇനിയുള്ളത്.