കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുരിനെതിരേ
Saturday, March 1, 2025 12:03 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എല്) ഫുട്ബോളില് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുർ എഫ്സിക്കെതിരേ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്. പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ച ബ്ലാസ്റ്റേഴ്സ് ഇന്ന് ആശ്വാസജയം തേടിയാണു സ്വന്തം തട്ടകത്തിലിറങ്ങുന്നത്.
നിലവിൽ 24 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ടീം. ഇന്നത്തേതുൾപ്പെടെ ഇനി മൂന്നു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നത്. ഇതിൽ മൂന്നിലും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് 33 പോയിന്റാകും.
നിലവിൽ അഞ്ചും ആറും സ്ഥാനങ്ങളിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും മുംബൈ സിറ്റി എഫ്സിക്കും 32 പോയിന്റുണ്ട്. അതുകൊണ്ടുതന്നെ മൂന്നു മത്സരങ്ങൾ ജയിച്ചാൽപോലും മറ്റു ടീമുകളുടെ ഫലങ്ങൾ ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് യോഗ്യത. അവസാന രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനായിരുന്നില്ല, തോൽവിയായിരുന്നു ഫലം. ജംഷഡ്പുർ എഫ്സിക്കെതിരേ ഇതുവരെ ഹോംഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല.
അഞ്ചിൽ രണ്ടിലും ജയിച്ചു, മൂന്നെണ്ണം സമനിലയിലായി. സീസണിലെ ആദ്യമത്സരത്തിൽ ജംഷഡ്പുർ ബ്ലാസ്റ്റേഴ്സിനെ 1-0ന് തോൽപ്പിച്ചിരുന്നു. വരാനിരിക്കുന്ന മത്സരം ജയിക്കുക എന്നതുമാത്രമാണ് ഇപ്പോൾ ലക്ഷ്യമെന്നു മത്സരത്തിന് മുന്നോടിയായി സംസാരിക്കവേ ബ്ലാസ്റ്റേഴ്സ് ഇടക്കാല കോച്ച് ടി.ജി. പുരുഷോത്തമൻ പറഞ്ഞു.
21 മത്സരങ്ങളിൽ 37 പോയിന്റ് നേടിയ ജംഷഡ്പുർ എഫ്സി ഇതിനകം പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ജയിച്ചാൽ അവർക്ക് ബംഗളൂരുവിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താം.
പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇനിയുള്ള മത്സരങ്ങളെയെല്ലാം ഗൗരവത്തോടെയാണ് ടീം സമീപിക്കുന്നതെന്ന് ജംഷഡ്പുർ എഫ്സി ഹെഡ് കോച്ച് ഖാലിദ് ജമീൽ പറഞ്ഞു.
എഫ്സി ഗോവ, ഷീൽഡ് ചാന്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പിച്ച മറ്റു ടീമുകൾ.