പീരങ്കിപ്പട നിറയെ നിറയൊഴിച്ചു
Thursday, March 6, 2025 12:18 AM IST
ഐന്തോവന് (നെതര്‍ലന്‍ഡ്സ്): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണില്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഗോള്‍മഴതീര്‍ത്ത് ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍. എവേ പോരാട്ടത്തില്‍ ഡച്ച് ക്ലബ് പിഎസ്വി ഐന്തോവനെ 1-7നു ഗണ്ണേഴ്സ് തകര്‍ത്തു.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ നോക്കൗട്ട് എവേ പോരാട്ടത്തില്‍ ഏഴു ഗോള്‍ നേടുന്ന ആദ്യ ക്ലബ്ബാണ് ഗണ്ണേഴ്സ്. യൂറോപ്യന്‍ പോരാട്ടത്തില്‍ 2007നുശേഷം ആദ്യമായാണ് പീരങ്കിപ്പട ഒരു മത്സരത്തില്‍ ഏഴു ഗോള്‍ നേടുന്നത്.
ഗണ്ണേഴ്സിനുവേണ്ടി ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാര്‍ഡ് (47’, 73’) ഇരട്ട ഗോള്‍ സ്വന്തമാക്കി. 18-ാം മിനിറ്റില്‍ ജൂറിന് ടിംബറിലൂടെയാണ് ഇംഗ്ലീഷ് ക്ലബ് സ്കോറിംഗ് ആരംഭിച്ചത്. ഏഥന് എന്‍വാനേരി (21’), മൈക്കല്‍ മെറിനോ (31’), ലിയാന്‍ഡ്രോ ട്രോസാര്‍ഡ് (48’), റിക്കാര്‍ഡോ കാലഫിയോറി (85’) എന്നിവരും ആഴ്സണലിനുവേണ്ടി ഗോള്‍ സ്വന്തമാക്കി.
ഇംഗ്ലീഷ് ജയം
മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയും എവേ ജയം സ്വന്തമാക്കി. ബെല്‍ജിയന്‍ ക്ലബ്ബായ ബ്രൂഗിനെ 1-3ന് ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു.
മറ്റൊരു ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഫ്രഞ്ച് ക്ലബ് ലില്ലയും 1-1 സമനിലയില്‍ പിരിഞ്ഞു. ഡോര്‍ട്ട്മുണ്ടിന്റെ മൈതാനത്തായിരുന്നു മത്സരം.