ബൈ ബൈ സ്മിത്ത്...
Thursday, March 6, 2025 12:18 AM IST
ദുബായ്: ഓൾ റൗണ്ടറായെത്തി മികച്ച ബാറ്ററായി മാറിയ ഓസീസ് താരം സ്റ്റീവ് സ്മിത്ത് രാജ്യാന്തര ഏകദിന ക്രിക്കറ്റിൽനിന്നു വിരമിച്ചു.
ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിയിൽ ഇന്ത്യയോട് തോൽവി വഴങ്ങി പുറത്തായതിനു പിന്നാലെയാണ് മുപ്പത്തഞ്ചുകാരനായ സ്മിത്ത് തന്റെ ഏകദിന കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ടെസ്റ്റിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. ട്വന്റി-20 ഫോർമാറ്റിൽ കഴിഞ്ഞ ലോകകപ്പ് മുതൽ താരം ഓസീസ് ടീമിൽ ഇല്ല.
2010ൽ വെസ്റ്റ് ഇൻഡീസിനെതിരേ ലെഗ് സ്പിൻ ഓൾറൗണ്ടറായി സ്മിത്ത് തന്റെ കരിയറിന് തുടക്കമിട്ടു. പിന്നീട് ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം ഓസീസിന്റെ ഏക്കാലത്തെയും മികവുറ്റ ബാറ്റർമാരുടെ പട്ടികയിൽ ഇടംപിടിച്ചു. 170 മത്സരങ്ങളിൽനിന്ന് 86.96 സ്ട്രൈക്ക് റ്റേറിൽ 5,800 റണ്‍സുമായാണ് കരിയർ അവസാനിപ്പിച്ചത്. 12 സെഞ്ചുറിയും 35 അർധസെഞ്ചുറിയും കുറിച്ചു.
2016ൽ ന്യൂസിലൻഡിനെതിരേ നേടിയ 164 റണ്‍സാണ് ഉയർന്ന സ്കോർ. 28 വിക്കറ്റുകൾ നേടിയ താരത്തിന്റെ പേരിൽ 90 ക്യാച്ചും ഉണ്ട്. ആദം ഗിൽക്രിസ്റ്റിനും ഡേവിഡ് വാർണർക്കും മാത്രമാണ് സ്മിത്തിനേക്കാൾ ഉയർന്ന സ്ട്രൈക്ക് റേറ്റ് ഓസീസ് ചരിത്രത്തിലുള്ളത്.
നായകൻ @ 64
ഓസ്ട്രേലിയൻ ടീമിനെ 64 മത്സരങ്ങളിൽ സ്മിത്ത് നയിച്ചു. അതിൽ 32 ജയം നേടി. ഒരു ലോകകപ്പിൽ പോലും ടീമിനെ നയിക്കാൻ സാധിക്കാത്ത ഓസ്ട്രേലിയൻ നായകൻ കൂടിയാണ് സ്മിത്ത്. മൂന്ന് ഏകദിന ലോകകപ്പിൽ സ്മിത്ത് ഓസ്ട്രേലിയയ്ക്കായി കളിച്ചു.
2015, 2023 ലോകകപ്പ് നേടിയ ഓസീസിനായി നിർണായക പ്രകടനം കാഴ്ചവച്ചു. 2015 ലോകപ്പിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ താരം 50നു മുകളിൽ സ്കോർ ചെയ്തു.