ഇന്ത്യ x ഓസീസ് സെമി
Monday, March 3, 2025 3:26 AM IST
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസീസിനോടു പരാജയപ്പെട്ടതിന്റെ കണക്കു തീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്കു വന്നുചേര്‍ന്നത്.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്നലെ 44 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ 249/9. ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 205. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ശ്രേയസ് അയ്യര്‍ (79), ഹാര്‍ദിക് പാണ്ഡ്യ (45), അക്സര്‍ പട്ടേല്‍ (42) എന്നിവരാണ് ഇന്ത്യക്കു മാന്യമായ സ്കോര്‍ സമ്മാനിച്ചത്. കെയ്ന്‍ വില്യംസണ് (81) ആണ് ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.
പ്രോട്ടീസ് x കിവീസ്
ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ നേരിടും. ലാഹോറിലാണ് ഈ മത്സരം. നാളെ നടക്കുന്ന ആദ്യ സെമി ചിത്രം വ്യക്തമാകാത്തതിനാല്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ആതിഥേയ രാജ്യമായ പാക്കിസ്ഥാനില്‍നിന്ന് ഇന്നലെ ദുബായില്‍ എത്തിയിരുന്നു.