അറിയാത്ത സെമിക്കായി ഓസീസ്, ദക്ഷിണാഫ്രിക്ക ദുബായിലേക്ക്
Sunday, March 2, 2025 12:01 AM IST
ദുബായ്: ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ നടക്കാത്ത രസകരമായ സംഗതിയാണ് ഇന്നു നടക്കുക. 2025 ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനായി ഒരു വേദിയിലേക്ക് രണ്ട് ടീമുകള്‍ യാത്ര ചെയ്യും. അതില്‍ ഒരു ടീമിനു മാത്രമേ ആ വേദിയില്‍ സെമി ഫൈനല്‍ ഉണ്ടാകുകയുള്ളൂ. അത് ഏതു ടീമാണെന്നു വ്യക്തമായാല്‍ മറ്റേ ടീം തിരിച്ച് ആതിഥേയരാജ്യത്തേക്കു പറക്കും!!!
2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ ഈ മാസം നാലിന് ദുബായിലാണ്. രണ്ടാം സെമി അഞ്ചിന് ലാഹോറിലും. പാക്കിസ്ഥാനാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണെന്നതാണ് ഈ പ്രശ്നങ്ങള്‍ക്കു കാരണം.
ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യയും ന്യൂസിലന്‍ഡും ബിയില്‍നിന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തി. എന്നാല്‍, ഗ്രൂപ്പ് എയിലെ ചാമ്പ്യനെ ഇന്നു നടക്കുന്ന ഇന്ത്യ x ന്യൂസിലന്‍ഡ് ലീഗ് മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകൂ. സെമിയില്‍ ഇന്ത്യയുടെ എതിരാളിയുടെ ചിത്രവും അതുകഴിഞ്ഞേ തെളിയൂ.
നാലിനു നടക്കുന്ന സെമിക്കായി വൈകി ദുബായില്‍ എത്താതിരിക്കാനാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നുതന്നെ യാത്ര തിരിക്കുന്നത്. ആവശ്യത്തിനു വിശ്രമവും പരിശീലനവുമാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യയുടെ എതിരാളി അല്ലാത്ത ടീമിന് തുടര്‍ച്ചയായി രണ്ടു യാത്ര ചെയ്യേണ്ടിയുംവരും.