ഇന്ത്യ x ന്യൂസിലൻഡ് ഉച്ചകഴിഞ്ഞ് 2.30ന്
Sunday, March 2, 2025 12:01 AM IST
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഇരുടീമും സെമിഫൈനലിൽ പ്രവേശിച്ചതിനാൽ മത്സരഫലം പ്രസക്തമല്ല. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ 300-ാം രാജ്യാന്തര ഏകദിനമാണ്.
കിരീടസാധ്യത കൂടുതൽ സൂചിപ്പിക്കുന്ന രണ്ടു ടീമുകൾ ഏറ്റമുട്ടുന്പോൾ കൂടുതൽ ശക്താരാകാൻ ഇന്ത്യയും 2023 ലോകകപ്പ് സെമിയിൽ പരാജയമേറ്റുവാങ്ങി നാട്ടിലേക്ക് യാത്ര തിരിക്കേണ്ടിവന്നതിന്റെ ക്ഷീണം തീർക്കാൻ മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡും ശ്രമിക്കും. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുകയെന്നതിനാലും വീറും വാശിയും ഒട്ടും കുറയില്ല.

രണ്ടു മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബംഗ്ലാദേശിനെതിരേയും പാക്കിസ്ഥാനെതിരേയും ആറ് വിക്കറ്റ് ജയം. ഇരുടീമിനും 250നപ മുകളിൽ സ്കോർ ചെയ്യാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. ആദ്യമത്സരത്തിൽ ശുഭ്മാൻ ഗില്ലും രണ്ടാം മത്സരത്തിൽ കോഹ്ലിയും സെഞ്ചുറിയുമായി അനായാസ ജയമൊരുക്കി. കിവീസ് പാക്കിസ്ഥാനെതിരേ 60 റണ്‍സിന്റെയും ബംഗ്ലാദേശിനെതിരേ അഞ്ച് വിക്കറ്റിന്റെയും ജയം ആഘോഷിച്ചു.
പരിക്ക് വീണ്ടും വലയ്ക്കുന്ന ഷമി ഇന്ത്യൻ നിരയിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുണ്ട്. പകരം, ഇടംകൈയൻ പേസർ അർഷദീപ് സിംഗ് കളിക്കും.
24 വർഷത്തിനു ശേഷം നേർക്കുനേർ
ഇന്ത്യയും ന്യൂസിലൻഡും ചാന്പ്യൻസ് ട്രോഫിയിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് 24 വർഷത്തിനുശേഷം. 2000ൽ നടന്ന ഫൈനലിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.
സച്ചിൻ തെണ്ടുൽക്കർ (69)- സൗരവ് ഗാംഗുലി (117) സഖ്യത്തിന്റെ 141 റണ്‍സ് പാർട്ണർഷിപ്പ് ബലത്തിൽ ഇന്ത്യ 264/6 ലക്ഷ്യം കീവിസിന് മുന്നിൽ വച്ചു. മത്സരത്തിൽ കീവികൾ നാല് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ഐസിസി ടൂർണമെന്റിലെ ആദ്യ കിരീടനേട്ടം ആഘോഷിച്ചു.