അതുതന്നെയല്ലേ ഇത്...?; ദെയ്ഷാ വു...
Sunday, March 2, 2025 12:01 AM IST
തു ടര്‍ച്ചയായ രണ്ട് ഐസിസി ഏകദിന ടൂര്‍ണമെന്റുകളിലും സെമി ഫൈനലില്‍ ദെയ്ഷാ വൂ ഇഫക്ട്. “അതുതന്നെയല്ലേ ഇതെന്നു വര്‍ണ്യത്തില്‍ ആശങ്ക”യ്ക്കു കാരണമാകുന്നതാണ് 2023 ഐസിസി ഏകദിന ലോകകപ്പിലെയും 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെയും സെമി ഫൈനല്‍ പട്ടിക.
ഗ്രൂപ്പ് ബിയില്‍നിന്നു ദക്ഷിണാഫ്രിക്ക സെമി ടിക്കറ്റ് എടുത്തതോടെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ 2023 ലോകകപ്പിന്റെ തനിയാവര്‍ത്തനമായത്.
ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകളും ബിയില്‍നിന്ന് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമാണ് 2025 ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്തിയത്. 2023 ഏകദിന ലോകകപ്പ് സെമിയിലും ഈ നാലു ടീമുകളായിരുന്നു.
ഏകദിന ലോകകപ്പ് സെമിയില്‍ കളിച്ച എല്ലാവരും നിലവില്‍ ഈ നാലു ടീമുകളിലും ഇല്ല, ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും ക്യാപ്റ്റന്മാരിലും മാറ്റവുമുണ്ട്. ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആയിരുന്നു.
പരിക്കിനെത്തുടര്‍ന്ന് കമ്മിന്‍സ് ചാമ്പ്യന്‍സ് ട്രോഫിക്ക് എത്തിയില്ല. പകരം സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. കെയ്ന്‍ വില്യംസണ് ആയിരുന്നു 2023 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ നായകന്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ കിവീസിനെ നയിക്കുന്നത് സ്പിന്നര്‍ മിച്ചല്‍ സാന്റ്നറാണ്. 2024 ട്വന്റി-20 ലോകകപ്പിനുശേഷം വില്യംസണ് ക്യാപ്റ്റസി ഒഴിഞ്ഞതോടെയാണ് സാന്റ്നര്‍ തല്‍സ്ഥാനത്ത് എത്തിയത്.
ഇന്ത്യ (രോഹിത് ശര്‍മ), ദക്ഷിണാഫ്രിക്ക (തെംബ ബൗമ) ടീമുകളുടെ ക്യാപ്റ്റന്മാരില് മാറ്റമില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും, ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഒന്നിച്ചായിരുന്നതിനാല്‍ ഇത്തവണ സെമി പോരാട്ടത്തില്‍ മാറ്റമുണ്ടാകുമെന്നുറപ്പാണ്.
ഓസ്ട്രേലിയ x ദക്ഷിണാഫ്രിക്ക, ഇന്ത്യ x ന്യൂസിലന്‍ഡ് എന്നതായിരുന്നു ലോകകപ്പിലെ സെമി പോരാട്ടം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുടെ സെമി എതിരാളികള്‍ ഇന്ത്യയാണോ ന്യൂസിലന്ഡാണോ എന്ന് ഇന്നറിയാം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരം ഇന്നു നടക്കും.