ഓൾറൗണ്ട് മികവ് പ്ലസ്പോയിന്റ്: കരുണ്‍ നായർ
Friday, February 28, 2025 1:44 AM IST
നാഗ്പുർ: ഏതെങ്കിലും ഒരു താരത്തെ ആശ്രയിക്കുന്നതല്ല, ഓൾറൗണ്ട് മികവു പുലർത്തുന്നതാണ് വിദർഭയെ വ്യത്യസ്തമാക്കുന്നതെന്ന് മലയാളിയായ വിദർഭ താരം കരുണ്‍ നായർ.
ഓരോ മത്സരത്തിലും ഏതെങ്കിലുമൊരാൾ മത്സരം നിയന്ത്രിക്കാൻ മുന്നോട്ടുവരും. കഴിഞ്ഞ രണ്ട് ആഭ്യന്തര സീസണുകളിലും തുടർന്ന സമീപനമാണ് ഇത്തവണയും തുണയായതെന്നും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്ന അറിയപ്പെടുന്ന കരുണ്‍ പറഞ്ഞു.
ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 48.53 ശരാശരിയിൽ 728 റണ്‍സ് അടിച്ചുകൂട്ടിയ കരുണ്‍ കേരളത്തിനെതിരേ ആദ്യദിനം പത്ത് റണ്‍സ് പൂർത്തിയാക്കിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ 8000 റണ്‍സ് തികയ്ക്കുകയും ചെയ്തു. 114-ാം മത്സരത്തിലാണ് മധ്യനിര ബാറ്ററായ കരുണ്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഈ ഇന്നിംഗ്സാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഓരോ മത്സരത്തിനുമുന്‍പും സ്വയം പറയും. വിദർഭ ടീമിന്റെ ഭാഗമായതും ഭാഗ്യമാണ്. ഒട്ടേറെ ഓർമകൾ ടീമിനൊപ്പമുണ്ട്. സാധ്യമായ രീതിയിലെല്ലാം ടീമിനെ സഹായിക്കാനാണ് ശ്രമം.
കേരളത്തിനെതിരേ മാലേവാറുമൊത്തു വലിയൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ കഴിഞ്ഞു. സാവധാനം മുന്നോട്ടു നീങ്ങാനായിരുന്നു ഞങ്ങളുടെ തീരുമാനം. അതു വിജയിച്ചു. അവസാനം നിർഭാഗ്യകരമായ ഒരു ധാരണപ്പിശകാണ് പുറത്താകലിലെത്തിച്ചത് -കരുണ്‍ പറഞ്ഞു.
രാജ്യാന്തരവേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തഴയപ്പെട്ടതിനെ ബാറ്റുകൊണ്ട് ചോദ്യംചെയ്യുകയാണ് താരം. രഞ്ജിയിൽ ഹൈദരാബാദിനെതിരായ വിദർഭയുടെ അവസാന ലീഗ് ഘട്ട മത്സരത്തിൽ സെഞ്ചുറി നേടിയ കരുണ്‍ തമിഴ്നാടിനെതിരായ ക്വാർട്ടർ ഫൈനലിലും മൂന്നക്കംകടന്നു. ഫൈനലിൽ ടീമിന് ഏറ്റവും ആവശ്യമായ ഘട്ടത്തിൽ വിലപ്പെട്ട 86 റണ്‍സും.
രഞ്ജി ട്രോഫിയിൽനിന്ന് ഐപിഎലിന്റെ തിരക്കുകളിലേക്കാണ് കരുണ്‍ ഇനി പോകുക. ഋഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ഡൽഹി കാപ്പിറ്റൽസിനുവേണ്ടിയാണ് താരം ഇത്തവണ പാഡണിയുക.