സന്തോഷ് ട്രോഫി ബംഗാളിന്
Wednesday, January 1, 2025 12:14 AM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടത്തിൽ ബംഗാളിന്റെ മുത്തം. 78-ാമത് സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ബംഗാൾ കിരീടമുയർത്തിയത്.
ബംഗാളിന്റെ 33-ാം സന്തോഷ് ട്രോഫി നേട്ടമാണ്. സമനിലയെന്നു കരുതിയിരിക്കേ 90+4-ാം മിനിറ്റിൽ റോബി ഹൻസ്ഡ കേരളത്തിന്റെ ചങ്ക് തകർത്ത് വലകുലുക്കി. ഇതോടെ ബംഗാൾ സ്ട്രൈക്കറുടെ ഗോളെണ്ണം 12 ആയി. ടൂർണമെന്റിലെ ടോപ് സ്കോറുമായി.
കഴിഞ്ഞ മത്സരങ്ങളിൽ കണ്ടതുപോലെ അനായാസ നീക്കങ്ങൾ കേരളത്തിൽനിന്നുണ്ടായില്ല. മികച്ച അവസരങ്ങൾ കളഞ്ഞുകുളിച്ചാണ് കേരളം അവസാന മിനിറ്റിൽ ഗോൾ വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതി ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
കളിയുടെ തുടക്കത്തിലേ താളം കണ്ടെത്തിയ കേരളം പത്താം മിനിറ്റിൽ ഗോളിനുടത്തെത്തിയതാണ്. ബോക്സിനുള്ളിൽ പ്രതിരോധക്കാരെ ഒഴിഞ്ഞ് നിന്ന അജ്സലിനു നിജോ ഗിൽബർട്ട് നല്കിയ ക്രോസ് ഹെഡറിലൂടെ പുറത്തേക്കു പോയി. 20-ാം മിനിറ്റിൽ അജ്സൽ വീണ്ടും പന്ത് വലയിലേക്കു തൊടുത്തു. എന്നാൽ നേരിയ വ്യത്യാസത്തിൽ പന്ത് പുറത്തേക്കായി. ഉടനടി ബംഗാളിൽനിന്നു മറുപടിയെത്തി.
റോബി ഹൻസ്ഡ ത്രൂബോൾ പിടിച്ചെടുത്ത് പ്രതിരോധക്കാരെ വെട്ടിച്ച് മുന്നോട്ടു കുതിച്ചു. ബംഗാൾ സ്ട്രൈക്കറുടെ ഷോട്ട് പുറത്തേക്കു പോയി. കേരളം ഗോളിനായി ശ്രമിച്ചുകൊണ്ടിരുന്നു. ബംഗാൾ പ്രതിരോധം കടന്നെത്തിയ മുഹമ്മദ് മുഷാറഫിന്റെ നീക്കവും ഗോളായില്ല.
രണ്ടാം പകുതിയിൽ ഇരുടീമും ലീഡിനായി പൊരുതി. 55-ാം മിനിറ്റിൽ കേരളം ഒരിക്കൽക്കൂടി ഗോളിനടുത്തെത്തി. ഇതും അജ്സൽ-നിജോ കൂട്ടുകെട്ടിൽനിന്നായിരുന്നു. നിജോയുടെ ക്രോസിൽ നിന്ന് അജ്സൽ തൊടുത്ത പന്ത് ബംഗാൾ ഗോൾകീപ്പർ കൈക്കുള്ളിലാക്കി.
58-ാം മിനിറ്റിൽ ബംഗാളിനു ലഭിച്ച ഫ്രീകിക്ക് ചെറിയ വ്യത്യാസത്തിലാണ് വലയിൽ കടക്കാതെ പോയത്. ഓപ്പണ് പ്ലേയിൽ കേരളത്തിന് ഭീഷണി ഉയർത്താൻ കഴിയാതെ പോയ ബംഗാൾ സെറ്റ് പീസുകളിലൂടെ വിഷമിപ്പിച്ചുകൊണ്ടിരുന്നു.
സമനിലയിലേക്കും അധിക സമയത്തേക്കുമെന്നു കരുതിയിരിക്കേ 90+4ാം മിനിറ്റിൽ ആദിത്യ ഥാപ്പയുടെ ഹെഡർ ബോക്സിനുള്ളിൽ നിന്ന ഹൻസ്ഡയിലേക്ക്. ഓടിയെത്തിയ ബംഗാൾ സ്ട്രൈക്കർ അനായാസം പന്ത് വലയിലെത്തിച്ചു.