കാൾസൻ, നിപോംനിഷി ചാന്പ്യൻസ്...
Thursday, January 2, 2025 12:00 AM IST
ന്യൂയോർക്ക്: 2024 ഫിഡെ ബ്ലിറ്റ്സ് ചെസ് ചാന്പ്യൻഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിൽ ഇരട്ട ചാന്പ്യന്മാർ. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസൻ ബ്ലിറ്റ്സ് കിരീടം നിലനിർത്തി. റഷ്യയുടെ ഇയാൻ നിപോംനിഷിക്ക് ഒപ്പം കാൾസൻ 2024 ബ്ലിറ്റ്സ് ചാന്പ്യൻഷിപ്പ് പങ്കിട്ടു.
സഡൻ ഡെത്ത് വരെ നീണ്ട ഫൈനൽ ഏഴ് റൗണ്ട് വരെ നീണ്ടു. സഡൻ ഡെത്ത് ഉൾപ്പെടെയുള്ള ഏഴു റൗണ്ടിനും ശേഷവും 3.5 പോയിന്റ് വീതവുമായി കാൾസനും നിപോംനിഷിയും തുല്യത പാലിച്ചതോടെയാണ് കിരീടം പങ്കിടാൻ തീരുമാനമായത്.
നിലവിലെ ബ്ലിറ്റ്സ് ചാന്പ്യനായിരുന്നു കാൾസൻ. റാപ്പിഡ് ലോക ചാന്പ്യൻഷിപ്പിൽ ജീൻസ് ധരിച്ചെത്തിയതിനു പിഴയിട്ടതിൽ പ്രതിഷേധിച്ച് കാൾസൻ ടൂർണമെന്റ് ബഹിഷ്കരിച്ചിരുന്നു.
ചരിത്രത്തിൽ ആദ്യം, കാരണം കാൾസൻ
ഫിഡെ ചെസ് പോരാട്ട ചരിത്രത്തിൽ ആദ്യമായാണ് ഒരു ചാന്പ്യൻഷിപ്പ് രണ്ടു പേർ പങ്കിടുന്നത്. കിരീടം പങ്കിടുനുള്ള തീരുമാനം അതുകൊണ്ടുതന്നെ വിവാദം ക്ഷണിച്ചുവരുത്തി. അനിതരസാധാരണ തീരുമാനമെന്നായിരുന്നു ചാന്പ്യൻഷിപ്പ് പങ്കിടാൻ അനുവദിച്ചുള്ള ഫിഡെ തീരുമാനം വിലയിരുത്തപ്പെട്ടത്.
മാഗ്നസ് കാൾസന്റെ തീരുമാനമായിരുന്നു കിരീടം പങ്കിടുക എന്നത്. ഫൈനലിൽ കാൾസൻ ആദ്യ രണ്ടു ഗെയിമും ജയിച്ചു. മൂന്നാം ഗെയിമിൽ സമനില നേടിയാൽപോലും കാൾസനു കിരീടം നിലനിർത്താമെന്ന അവസ്ഥ.
എന്നാൽ, മൂന്നും നാലും ഗെയിം ജയിച്ച് നിപോംനിഷി തിരിച്ചടിച്ചു. അതോടെ ഫൈനൽ സഡൻ ഡെത്തിലേക്കു നീണ്ടു. സഡൻ ഡെത്തിലെ മൂന്നു മത്സരങ്ങളും സമനിലയിൽ കലാശിച്ചതോടെ കിരീടം പങ്കിടാമെന്ന ആശയം കാൾസൻ മുന്നോട്ടുവച്ചു.
നീണ്ട ചർച്ചകൾക്കുശേഷം കാൾസന്റെ തീരുമാനം ഫിഡെ അംഗീകരിക്കുകയായിരുന്നു. പ്രമുഖ ടൂർണമെന്റുകളിൽ തുടർച്ചയായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്ന നിപോംനിഷിക്ക് ഈ തീരുമാനം ഗുണമായി. ഫിഡെ 2021 ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ നിപോംനിഷിയെ തോൽപ്പിച്ചായിരുന്നു കാൾസൻ അഞ്ചാം കിരീടം സ്വന്തമാക്കിയത്.