വിജയ് ഹസാരെ: കേരളം വീണ്ടും തോറ്റു
Wednesday, January 1, 2025 12:14 AM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തിന്റെ തോൽവി പരന്പര തുടരുന്നു. ഗ്രൂപ്പ് ഇയിൽ കേരളം തങ്ങളുടെ നാലാം മത്സരത്തിൽ കരുത്തരായ ബംഗാളിനോട് 24 റണ്‍സിനാണ് തോറ്റത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗാൾ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 206 റണ്‍സ്. മറുപടി ബാറ്റിങ്ങിൽ 46.5 ഓവറിൽ കേരളം 182 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത ക്യാപ്റ്റൻ സൽമാൻ നിസാറാണ് കേരളത്തിന്റ ടോപ് സ്കോറർ.
ഒരു ഘട്ടത്തിൽ 101ന് ഏഴ് എന്ന നിലയിൽ തകർന്ന ബംഗാളിനെ കൂട്ടത്തകർച്ചയ്ക്കിടെ അർധസെഞ്ചറിയുമായി ഒരു വശത്തു പൊരുതിനിന്ന പ്രദീപ്ത പ്രമാണിക്കിന്റെ ഇന്നിംഗ്സാണ് ബംഗാളിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പ്രമാണിക് 82 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 74 റണ്‍സുമായി പുറത്താകാതെ നിന്നു.
36 ഓവറിൽ നാലു വിക്കറ്റിന് 143 എന്ന ഭേദപ്പെട്ട നിലയിൽനിന്നാണ് കേരളം തകർന്നുവീണത്.