സന്തോഷ് ട്രോഫി സെമി; കേരളം x മണിപ്പുർ
Sunday, December 29, 2024 12:04 AM IST
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന്. ആദ്യ സെമിയിൽ വെസ്റ്റ് ബംഗാൾ നിലവിലെ ചാന്പ്യന്മാരായ സർവീസസിനെ നേരിടും.
ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം. രാത്രി 7.30നു നടക്കുന്ന രണ്ടാം സെമിയിൽ കേരളവും മണിപ്പുരും ഏറ്റുമുട്ടും. 2021-22 സീസണിനുശേഷം ഫൈനൽ കളിക്കാനുള്ള ഒരുക്കത്തിലാണ് ഏഴു തവണ ചാന്പ്യന്മാരായ കേരളം.
അപരാജിതർ
ഫൈനൽ റൗണ്ടിൽ തോൽവി അറിയാതെയാണ് കേരളവും മണിപ്പുരും ഇന്നു സെമി ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുന്നത്. ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിൽ മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റോടെ മണിപ്പുർ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ക്വാർട്ടറിൽ എത്തിയത്. അധിക സമയത്തേക്കു നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ 5-2നു ഡൽഹിയെ കീഴടക്കി മണിപ്പുർ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2002-03 സീസണിൽ സന്തോഷ് ട്രോഫി സ്വന്തമാക്കിയ ചരിത്രം മണിപ്പുരിനുണ്ട്.
ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബി ചാന്പ്യന്മാരായാണ് എട്ടാം കിരീടം പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ക്വാർട്ടർ പ്രവേശം. നാലു ജയവും ഒരു സമനിലയുമായി 13 പോയിന്റ് കേരളം ഗ്രൂപ്പ് ബിയിൽ സ്വന്തമാക്കി. ക്വാർട്ടറിൽ ജമ്മു കാഷ്മീരായിരുന്നു എതിരാളികൾ. 1-0നു ജമ്മു കാഷ്മീരിനെ തോൽപ്പിച്ച് സെമിയിലെത്തി.
നേർക്കുനേർ
കേരളവും മണിപ്പുരും ഫൈനൽ സ്റ്റേജിൽ ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടി. അതിൽ മൂന്നു ജയം കേരളം സ്വന്തമാക്കി. 2002-03 ഫൈനലിൽ കേരളത്തെ കീഴടക്കിയായിരുന്നു മണിപ്പുർ സന്തോഷ് ട്രോഫി ചാന്പ്യന്മാരായത്.