മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു തോൽവി
Monday, December 30, 2024 11:11 PM IST
മെൽബണ്‍: ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ 20 വർഷത്തിനുശേഷം ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു. 2014ലെ സമനിലയ്ക്കുശേഷം 2018ലും 2020ലും ഇന്ത്യക്കു മുന്നിൽ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ കീഴടങ്ങിയ ഓസീസ് പാറ്റ് കമ്മിൻസിനു കീഴിൽ ഇന്ത്യയെ 184 റണ്‍സിനു തോൽപ്പിച്ചു.
സമനില പ്രതീക്ഷ നൽകിയ ഇന്ത്യ ചായ്ക്കുശേഷമാണ് തകർന്നു വീണത്. മികച്ച ഓൾറൗണ്ട് പ്രകടനവുമായി ടീമിനെ മുന്നിൽനിന്നു നയിച്ച കമ്മിൻസാണ് പ്ലയർ ഓഫ് ദ മാച്ച്. മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്ത്തി; രണ്ട് ഇന്നിംഗ്സിലും (49, 41) നിർണായക ബാറ്റിംഗ് കാഴ്ചവച്ചു. അഞ്ചു മത്സരങ്ങളുടെ ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയ 2-1ന് മുന്നിലെത്തി. ജനുവരി മൂന്നിന് പരന്പരയിലെ അവസാന ടെസ്റ്റിന് സിഡ്നിയിൽ തുടക്കമാകും.
യശസ്വി ജയ്സ്വാളും ഋഷഭ് പന്തും ചേർന്ന് മത്സരം സമനിലയാക്കുമെന്നു കരുതിയിരിക്കേ അവസാന സെഷനിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തിയാണ് ഓസീസ് മെൽബണിൽ ജയം സ്വന്തമാക്കിയത്. 208 പന്തുകൾ നേരിട്ട് 84 റണ്‍സുമായി പൊരുതിനിന്ന ജയ്സ്വാളിനെ അലക്സ് കാരെയുടെ കൈകളിലെത്തിച്ച് കമ്മിൻസ് ജയം ഉറപ്പാക്കി. വാലറ്റക്കാരെ സ്കോട് ബോളണ്ടും നഥാൻ ലിയോണും വീഴ്ത്തി. കമ്മിൻസും ബോളണ്ടും മൂന്നു വിക്കറ്റ് വീതവും ലിയോണ്‍ രണ്ടും ട്രാവിസ് ഹെഡും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും നേടി.
ഒന്‍പത് വിക്കറ്റിന് 228 റണ്‍സിന് അഞ്ചാം ദിനം ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂടി ചേർത്തശേഷം ലിയോണിനെ (41) ക്ലീൻബൗൾഡാക്കി ജസ്പ്രീത് ബുംറ ഇന്നിംഗ്്സ് അവസാനിപ്പിച്ചു. ഇന്നിംഗ്സിൽ ബുംറയുടെ അഞ്ചാമത്തെ ഇരയായിരുന്ന ലിയോണ്‍. ഇന്ത്യക്കു മുന്നിൽ 340 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു.
ജയ്സ്വാളും രോഹിതും കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യൻ സ്കോർ 25ലെത്തിയപ്പോൾ പതിനേഴാം ഓവറിന്റെ ആദ്യ പന്തിൽ രോഹിത്തിനെ (9) കമ്മിൻസ് മിച്ചൽ മാർഷിന്റെ കൈകളിലെത്തിച്ചു. ആ ഓവറിന്റെ അവസാന പന്തിൽ റണ്ണൊന്നുമെടുക്കാതെനിന്ന രാഹുൽ പുറത്തായി. എട്ടു റണ്‍സിനു ശേഷം കോഹ്ലിയെ (5) സ്റ്റാർക്ക് ഖ്വാജയുടെ കൈകളിലെത്തിച്ചു.
ജയമോഹങ്ങൾ അകന്ന ഇന്ത്യയുടെ സമനില പ്രതീക്ഷകൾ ജയ്സ്വാളിലും പന്തിലുമായി. വൻ തോൽവിയെ ഉറ്റുനോക്കുകയായിരുന്ന ഇന്ത്യക്ക് ഇരുവരും സമനില പ്രതീക്ഷകൾ നല്‍കിത്തുടങ്ങി. ചായയ്ക്കു പിരിയുവോളം ഇവർ ഓസ്ട്രേലിയയെ വിഷമിപ്പിച്ചുകൊണ്ടിരുന്നു.
തലവേദന നൽകി ട്രാവിസ് ഹെഡ്
ചായയ്ക്കു മുന്‍പു വരെ 112ന് മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ചായയ്ക്കുശേഷം കമ്മിൻസ് പന്ത് ട്രാവിസ് ഹെഡിനെ ഏൽപ്പിച്ചു. ബാറ്റ് കൊണ്ട് ഈ മത്സരത്തിൽ ഒന്നും ചെയ്യാതിരുന്ന ട്രാവിസ് ഹെഡ് പന്തുമായി ഇന്ത്യക്കു തലവേദന നൽകി. സമനിലയെന്നു കരുതി കളിയെ പന്തിനെ പുറത്താക്കി ഹെഡാണ് മത്സരം ഓസീസിന്റെ ഭാഗത്തേക്കു തിരിച്ചത്.
ഹെഡിന്റെ അഞ്ചാം ഓവറിൽ അനാവശ്യമായി കൂറ്റൻ അടിച്ച് ശ്രമിച്ച പന്തിനെ (30) മാർഷ് പിടിച്ചു. പിന്നീട് ഹെഡിനെ മാറ്റി പകരം ബോളണ്ടിനെ കമ്മിൻസ് കൊണ്ടുവന്നു. ഈ മാറ്റം രവീന്ദ്ര ജഡേജയെ വീഴ്ത്തി.
ഇന്ത്യ അഞ്ചിന് 127 എന്ന നിലയിലായി. മൂന്നു റണ്‍സ് കൂടി സ്കോർബോർഡിലെത്തിയശേഷം കഴിഞ്ഞ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ നിതീഷ് കുമാർ റെഡ്ഢി (1) ലിയോണിന്റെ പന്തിൽ സ്റ്റീവൻ സ്മിത്തിനു ക്യാച്ച് നൽകി.
ഇതോടെ ജയ്സ്വാൾ- വാഷിംഗ്ടണ്‍ സുന്ദർ സഖ്യത്തിലായി സമനില സ്വപ്നങ്ങൾ. എന്നാൽ ഈ സഖ്യം ജയ്സ്വാളിനെ പുറത്താക്കി കമ്മിൻസ് പൊളിച്ചു. ഇന്ത്യ ഏഴു വിക്കറ്റിന് 140 എന്ന നിലയിലായി. ഇതോടെ ഓസീസ് ജയം ഉറപ്പാക്കി. വാഷിംഗ്ടണ്‍ സുന്ദർ (5) പുറത്താകാതെ നിന്നു.
സ്കോർകാർഡ്
ഓസ്ട്രേലിയ 474, 234.
ഇന്ത്യ 369.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
ജയ്സ്വാൾ സി കാരി ബി കമ്മിൻസ് 84, രോഹിത് സി മാർഷ് ബി കമ്മിൻസ് 9, രാഹുൽ സി ഖ്വാജ ബി കമ്മിൻസ് 0, കോഹ്ലി സി ഖ്വാജ ബി സ്റ്റാർക് 5, പന്ത് സി മാർഷ് ബി ഹെഡ് 30, ജഡേജ സി കാരെ ബി ബോളണ്ട് 2, നിതീഷ് കുമാർ റെഡ്ഢി സി സ്മിത് ബി ലിയോണ്‍ 1, വാഷിംഗ്ടണ്‍ സുന്ദർ നോട്ടൗട്ട് 5, ആകാശ് ദീപ് സി ഹെഡ് ബി ബോളണ്ട് 7, ബുംറ സി സ്മിത് ബി ബോളണ്ട് 0, മുഹമ്മദ് സിറാജ് എൽബിഡബ്ല്യു ബി ലിയോണ്‍ 0, എക്സ്ട്രാസ് 12, ആകെ 79.1 ഓവറിൽ 155.
ബൗളിംഗ്
സ്റ്റാർക് 16-8-25-1, കമ്മിൻസ് 18-5-28-3, ബോളണ്ട് 16-7-39-3, മാർഷ് 3-2-2-0, ലിയോണ്‍ 20.1-6-37-2, ഹെഡ് 5-0-14-1, ലബുഷെയ്ൻ 1-1-0-0.
റിക്കാർഡ് കാണികൾ
എംസിജിയിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം കാണാൻ അഞ്ചു ദിവസങ്ങളിലായി ആകെ 3,73,691 പേരാണെത്തിയത്. ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം കാണാനെത്തിയ കാണികളുടെ എണ്ണത്തിൽ പുതിയ റിക്കാർഡാണിത്. 1937ൽ ഇതേ സ്റ്റേഡിയത്തിലെത്തിയ 3,50,534 പേരുടെ റിക്കാർഡാണ് തകർന്നത്.
പുറത്താകൽ വിവാദം
മെൽബണ്‍: മെൽബണ്‍ ടെസ്റ്റിൽ നിർണായക സമയത്തെ ഇന്ത്യൻ ബാറ്റർ യശസ്വി ജയസ്വാളിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് വിവാദം. ഡിആർഎസിനൊടുവിൽ തേർഡ് അന്പയറുടെ തീരുമാനത്തിലാണ് ജയ്സ്വാൾ പുറത്താകുന്നത്. ഈ തീരുമാനം വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. അഞ്ചാം ദിനം ഇന്ത്യ സമനിലയ്ക്കായി പൊരുതുന്നതിനിടെയാണ് ജയ്സ്വാളിന്റെ പുറത്താകൽ.
മത്സരത്തിന്റെ 71-ാം ഓവറിലായിരുന്നു സംഭവം. പാറ്റ് കമ്മിൻസ് എറിഞ്ഞ ഷോർട്ട് ബോളിൽ ഒരു പുൾ ഷോട്ടിന് ശ്രമിച്ചതായിരുന്നു ജയ്സ്വാൾ. എന്നാൽ പന്ത് താരത്തിന്റെ ബാറ്റിനും ഗ്ലൗവിനും തൊട്ടടുത്തുകൂടി വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തി. ഓസീസ് താരങ്ങൾ ഒന്നടങ്കം അപ്പീൽ ചെയ്തെങ്കിലും ഫീൽഡ് അന്പയർ ജോയൽ വിൽസണ്‍ ഒൗട്ട് അനുവദിച്ചില്ല. കമ്മിൻസ് ഡിആർഎസ് എടുത്തു.
തുടർന്നായിരുന്നു വിവാദം. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പന്ത് ജയ്സ്വാളിന്റെ ബാറ്റിനും ഗ്ലൗവിനും തൊട്ടടുത്തുകൂടിയാണ് പോകുന്നതെന്ന് കണ്ടെത്തി. പക്ഷേ പന്ത് കടന്നുപോകുന്പോൾ സ്നിക്കോ മീറ്ററിൽ സ്പൈക്കോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ദൃശ്യങ്ങളിലെ പന്തിന്റെ ഗതിമാറ്റം കണക്കിലെടുത്ത് തേർഡ് അന്പയർ ഒൗട്ട് വിധിക്കുകയായിരുന്നു.