യുണൈറ്റഡിനും ചെൽസിക്കും രക്ഷയില്ല
Wednesday, January 1, 2025 12:14 AM IST
മാഞ്ചസ്റ്റർ: സ്വന്തം ഓൾഡ് ട്രാഫഡിൽ തലകുനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം കളത്തിൽ തുടർച്ചയായ മൂന്നാം തോൽവി. ന്യൂകാസിൽ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത്.
ആദ്യ ഇരുപത് മിനിറ്റിനുള്ളിൽ രണ്ടു ഗോളും വീണു. അലക്സാണ്ടർ ഇസാക് (4’), ജോയലിന്റണ് (19’) എന്നിവരാണ് ഗോൾ നേടിയത്.
ലീഗ് ചരിത്രത്തിൽ 1979നുശേഷം യുണൈറ്റഡ് ആദ്യമായാണ് തുടർച്ചയായ മൂന്നു ഹോം മത്സരങ്ങളിൽ പരാജയപ്പെടുന്നത്. 1989ൽ ഒരു വർഷത്തിന്റെ അവസാനം 15-ാം സ്ഥാനത്തെത്തിയശേഷം യുണൈറ്റഡിന്റെ ഏറ്റവും മോശം നിലയാണിത്. 32 പോയിന്റുമായി ന്യൂകാസിൽ അഞ്ചാം സ്ഥാനത്തെത്തി.
ഇപ്സ്വിച്ചിന് കാത്തിരുന്ന ജയം
22 വർഷത്തെ കാത്തിരിപ്പിനുശേഷം ഇപ്സ്വിച്ച് ടൗണ്‍ ആരാധകർ പ്രീമിയർ ലീഗിൽ തങ്ങളുടെ സ്വന്തം പോർട്ട്മാൻ റോഡിൽ ജയിക്കുന്നത് കണ്ടു. ശക്തരായ ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് ഇപ്സ്വിച്ച് ജയം നേടിയത്. ലിയാം ഡെലാപ്, ഒമാരി ഹച്ചിൻസണ്‍ എന്നിവരാണ് ഗോൾ നേടിയത്.